തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി മലയിന്‍കീഴ് ആനപ്പാറക്കുന്നില്‍ എത്തിയ യുവാവ് പാറമടയില്‍ വീണു മരിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍. വലിയറത്തല കൃഷ്ണപുരം മുനിയറ വീട്ടില്‍ സിബി(33) യാണ് അറസ്റ്റിലായത്. മലയിന്‍കീഴ് എസ്എച്ച്ഒ ടിവി ഷിബു ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കീഴാറൂര്‍ കാവല്ലൂര്‍ പ്ലാങ്കാലവിള നന്ദനത്തില്‍ അഭിലാഷ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ 30-ാം തിയതി അഭിലാഷും ബന്ധുവായ സിബിയും സുഹൃത്തായ ജോണും ആനപ്പാറക്കുന്നില്‍ മദ്യപിച്ചിരുന്നു. ഇതിനിടയില്‍ മൂത്രമൊഴിയ്ക്കാന്‍ പോയ അഭിലാഷ് സ്ഥല പരിചയമില്ലാതെ കാല് തെറ്റി പാറമടയില്‍ വീണതാണെന്നാണ് പൊലീസ് പറയുന്നത്. അപകട വിവരം യഥാസമയം അറിയിക്കാതെ സംഭവം മറച്ചുവച്ച കുറ്റത്തിനാണ് സിബിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതേ കുറ്റത്തിന് ആര്യങ്കോട് സ്വദേശി എസ് ജോണിനെയും സിബിയുടെ പെണ് സുഹൃത്ത് മാറനെല്ലൂര്‍ സ്വദേശി കെ ആശയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം അഭിലാഷിനെ കാണാനില്ലെന്ന് ഭാര്യ പൊലീസിനു നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പാറമടയില്‍ നിന്നും കണ്ടെത്തിയത്.
Post Your Comments