പുതുപ്പള്ളി: കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞത്. വലിയ പോളിംഗ് നടന്ന തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞതും സിനിമ കാണാൻ എത്തിയിയിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ജയിലര്‍ സിനിമ കാണാനാണ് ചാണ്ടി ഉമ്മന്‍ പാലയിലെ തീയറ്ററില്‍ എത്തിയത്. സിനിമ പ്രദർശിപ്പിക്കുന്ന അവസാന തീയതിയാണ് ഇന്ന്.
നല്ല സിനിമയാണ് എന്ന് അറിഞ്ഞു. ഇന്ന് ലാസ്റ്റ് ഷോയാണെന്നും അറിഞ്ഞു. അതുകൊണ്ട് കണ്ടിട്ട് പോകാമെന്ന് കരുതിയെന്നാണ് മാധ്യമങ്ങളോട് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. സിനിമ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തിരക്ക് കാരണം കാണാന്‍ പറ്റിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഭാഷ പഠിക്കാന്‍ ഇഷ്ടമുള്ളതിനാല്‍ തമിഴ്,തെലുങ്ക് ചിത്രങ്ങള്‍ കാണാകുണ്ടെന്നും സിനിമ കാണുന്നത് ഭാഷ പഠിക്കാന്‍ കൂടിയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം ആവേശം കൊടുമുടി കയറിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തില്‍ 2021നേക്കാള്‍ നേരിയ കുറവ് വന്നതോടെ കണക്കുകള്‍ കൂട്ടി കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. വോട്ടെണ്ണാൻ രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇക്കുറി 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം പുതുപ്പള്ളി മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതിയത്. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽഡിഎഫ്.
Post Your Comments