ന്യൂഡൽഹി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന് സൂചന വന്നതോടെ കേരളത്തിലെ ഇടത്-വലത് നേതാക്കൾ എതിർപ്പുമായി രംഗത്തെത്തി തുടങ്ങി. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയതാണ് ഇതിന് കാരണമായിരിക്കുന്നത്. ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമാണെന്ന് കോൺഗ്രസും ബി.ജെ.പി ഉദ്ദേശിക്കുന്നത് മെല്ലെ മെല്ലെ നടപ്പാക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വമായ ഇടപെടലിന്റെ ഭാഗമാണിതെന്ന് സി.പി.എമ്മും ആരോപിച്ചു.
എന്നാൽ, പേര് മാറ്റുമെന്ന സൂചന നല്ലതിനാണെന്ന് പറയുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഇന്ത്യ ഭാരതമാവാൻ എന്തിനാണ് വൈകുന്നതെന്ന് പറഞ്ഞ അദ്ദേഹം, അടിമത്ത മനോഭാവത്തിൽ നിന്ന് മോചനം വേണമെന്നും ഫേസ്‌ബുക്കിൽ കുറിച്ചു. ഇതോടൊപ്പം, പേര് മാറ്റൽ നടത്തിയ നിരവധി ഇടങ്ങളെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുമുണ്ട്. ട്രിവാൻഡ്രം തിരുവനന്തപുരമായെന്നും കാലിക്കറ്റ് കോഴിക്കോടായെന്നും സന്ദീപ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇന്നലെ വരെ ഇന്ത്യ എന്നുള്ളത് ഇപ്പോള്‍ ഭാരത് ആയത് എന്തുകൊണ്ടാണ്?. ഇനി കുറച്ച് കഴിയുമ്പോള്‍ ഹിന്ദുത്വ എന്ന് പറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്താണ് വര്‍ഗീയവാദികള്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അവര്‍ ഉദ്ദേശിക്കുന്നത് മെല്ലെ മെല്ലെ നടപ്പാക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വമായ ഇടപെടലിന്റെ ഭാഗമാണിതെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
കേരള എന്നത് കേരളം എന്നാക്കാൻ നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കിയത് ഈയടുത്താണ് .
ട്രിവാൻഡ്രം തിരുവനന്തപുരമായി
കാലിക്കറ്റ് കോഴിക്കോടായി
ബോംബെ മുംബൈ ആയി
മദ്രാസ് ചെന്നൈ ആയി
കൽക്കത്ത കൊൽക്കൊത്ത ആയി
അലഹാബാദ് പ്രയാഗ് രാജ് ആയി
ഇന്ത്യ ഭാരതമാവാൻ ഇനിയുമെന്തിന് വൈകണം ?
വേണം അടിമത്തമനോഭാവത്തിൽ നിന്ന് മോചനം.
Post Your Comments