തൊടുപുഴ:കെഎസ്ഇബി ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് കേരളത്തിനു പുറത്തേയ്ക്ക് വിനോദ യാത്ര പോയതോടെ പീരുമേട് ഇരുട്ടിലായത് 16 മണിക്കൂര്‍. സംഭവം വിവാദമായതിനു പിന്നാലെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പീരുമേട് ഫീഡര്‍ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് മണിക്കൂറുകളോളം ഇരുട്ടിലായത്.
വെള്ളിയാഴ്ച ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം പീരുമേട്ടില്‍ ശക്തമായ മഴ പെയ്തതിനു പിന്നാലെ വൈദ്യുതിയും മുടങ്ങി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി മുടങ്ങി. ഓണം അവധി ആഘോഷിക്കാന്‍ പീരുമേട്ടില്‍ എത്തിയ നിരവധി സഞ്ചാരികളും ബുദ്ധിമുട്ടി.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വൈദ്യുതി വരാതായതോടെ നാട്ടുകാര്‍ പോത്തുപാറയിലെ സെക്ഷന്‍ ഓഫീസിലേക്കു വിളിച്ചു. എല്ലാവരും ടൂര്‍ പോയെന്നായിരുന്നു മറുപടി. പരാതികള്‍ വ്യാപകമായതോടെ രാത്രിയില്‍ വനിതാ സബ് എന്‍ജിനീയറുടേയും പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എന്‍ജിനീയറുടേയും നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ തകരാര്‍ കണ്ടെത്തിയില്ല. ഒടുവില്‍ ശനിയാഴ്ച 10 മണിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
കേരളത്തിനു പുറത്തേക്ക് ഉദ്യോഗസ്ഥരടക്കം ടൂര്‍ പോയത് ബോര്‍ഡിന്റെ അനുവാദമില്ലാതെയാണെന്നു പരാതി ഉയര്‍ന്നു. പിന്നാലെ ഇതുസംബന്ധിച്ചു പീരുമേട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ഇബി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments