ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ പുതിയ നടപടിയുമായി സിഎസ്ബി ബാങ്ക്. ഇത്തവണ മുതിർന്ന പൗരന്മാർക്കും, വനിതകൾക്കും മാത്രമായി പ്രത്യേക സേവിംഗ്സ് അക്കൗണ്ടിനാണ് ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ‘സീനിയർ സിറ്റിസൺ ഇൻഡിപെൻഡൻസ്’, ‘വിമൺ പവർ സേവിംഗ്സ് അക്കൗണ്ട്’ എന്നിങ്ങനെയാണ് അക്കൗണ്ടുകൾക്ക് പേര് നൽകിയിരിക്കുന്നത്. ലോക്കർ വാടകയിൽ ഇളവ്, സൗജന്യ എയർപോർട്ട് ലോഞ്ച് സൗകര്യം, റുപേ പ്രീമിയം ഡെബിറ്റ് കാർഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഈ സേവിംഗ്സ് അക്കൗണ്ടുകളുടെ പ്രധാന പ്രത്യേകത.
സീനിയർ സിറ്റിസൺ ഇൻഡിപെൻഡൻസ് എന്ന അക്കൗണ്ട് മുഖാന്തരം മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 10 ലക്ഷം രൂപ സൗജന്യ ക്യാഷ് ഡെപ്പോസിറ്റ്, സിഎസ്ബി ബാങ്ക് എടിഎമ്മുകളിൽ പരിധിയില്ലാത്ത എടിഎം ഇടപാടുകൾ, മൊബൈൽ ബാങ്കിംഗ് വഴി പരിധിയില്ലാത്ത ആർടിജിഎസ്, നെഫ്റ്റ് ഉപയോഗം എന്നിങ്ങനെയുള്ള ഇളവുകൾ ലഭിക്കുന്നതാണ്. അതേസമയം, വനിതകൾക്ക് വിമൺ പവർ സേവിംഗ്സ് അക്കൗണ്ടിലൂടെ വായ്പകളിലെ പലിശ നിരക്കുകൾക്ക് ഇളവ് ലഭിക്കുന്നതാണ്. സിഎസ്ബി നെറ്റ് ബാങ്കിംഗ് വഴി സോവറിൻ ഗോൾഡ് ബോണ്ട് വാങ്ങുമ്പോഴും നിരക്ക് ഇളവ് ലഭിക്കും.
Post Your Comments