വലിയ ഒരു ശബ്ദംകേട്ടാണു കൊല്ലകടവ് കുറ്റിപ്പറമ്പില്‍ ബിജുഭവനത്തിലുണ്ടായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനി രമണിരഘു ഓടിയെത്തിയത്. റോഡില്‍നിന്നു ശബ്ദംകേട്ട ഭാഗത്തേക്കു നോക്കിയപ്പോള്‍ ആറ്റില്‍ ഒരു ഓട്ടോറിക്ഷ മുങ്ങിത്താഴുന്നതും അതിനിടയില്‍നിന്നു രണ്ടു പുരുഷന്മാര് ഓട്ടോയുടെ വെളിയിലേക്കു വരുന്നതും കണ്ടു.
ഓടിയെത്തിയ യുവാവും ചേര്‍ന്ന് കയര്‍ ഇട്ടുകൊടുത്തു. അപ്പോഴേക്കും ഒരാളുടെ കൈയില്‍ പിടിച്ചുകൊണ്ട് ഒരു പെണ്‍കുട്ടിയും. അവരെ കരയ്ക്കുകയറ്റുമ്പോഴേക്കും നാട്ടുകാരായ കുറെ ചെറുപ്പക്കാര്‍കൂടി വെള്ളത്തിലിറങ്ങി. രമണി വീട്ടിലേക്കോടി 101 ലേക്കു വിളിച്ചു. ഫോണ്‍ എടുത്തത് കായംകുളം ഫയര്‍ഫോഴ്സ്. വിവരം പറഞ്ഞു. അവര്‍ മാവേലിക്കര ഫയര്‍ഫോഴ്സിനും പൊലീസിനും വിവരം കൈമാറി.
വീണ്ടും ആറ്റുതീരത്ത് എത്തുമ്പോള്‍ വെള്ളത്തിലുണ്ടായിരുന്ന ഒരാള്‍ പറയുന്നു ‘എന്റെ ഭാര്യയും മോനും കൂടിയുണ്ട്’ കരയ്ക്കുകയറിയ മൂന്നു പേരെയും തൊട്ടടുത്ത വീട്ടിലാക്കിയപ്പോഴേക്കും ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. നാട്ടുകാര്‍ പൊക്കിയെടുത്ത സ്ത്രീയെ ഉടൻതന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി. കയര്‍ ഉപയോഗിച്ച് ഓട്ടോ കരയ്ക്കുണ്ടായിരുന്ന മരത്തില്‍ കെട്ടിയിട്ടു.
അതേസമയം താൻ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് സുഹൃത്തിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തിന്റെ ഞെട്ടലില്‍നിന്നു സജു മുക്തനായിട്ടില്ല. കനത്തമഴയില്‍ വാഹനം കൈയില്‍നിന്നു പാളിപ്പോയതു മാത്രമാണ് സജുവിന് ഓര്‍മ്മയുള്ളത്. റോഡരികിലെ കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ചശേഷം യാത്രക്കാരുമായി ഓട്ടോറിക്ഷ ആറ്റിലേക്കു മറിയുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാര്‍ ഇട്ടുകൊടുത്ത കയറില്‍പ്പിടിച്ചു തൂങ്ങി കരയ്ക്കെത്തിയ സജുവിന് ശരീരമാസകലം ചെറിയ മുറിവുകളുണ്ട്. ആശുപത്രിക്കിടക്കയില്‍ വിറച്ചുകൊണ്ടിരിക്കുന്ന സജുവിനു സംസാരിക്കാൻ ശ്രമിക്കുമ്പോള്‍ ശ്വാസതടസ്സമുണ്ടാകുന്നുണ്ട്.
Post Your Comments