
ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം എല്ലാ സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ പുതിയ നീക്കം എല്ലാ സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് എക്‌സിൽ എഴുതിയ പോസ്റ്റിൽ അദ്ദേഹം ആരോപിച്ചു. ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയെക്കുറിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പോസ്റ്റ്.
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ ഭാഗമാകാനുള്ള ക്ഷണം കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ശനിയാഴ്ച നിരസിച്ചിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സമിതിയിൽ നിന്ന് ഒഴിവാക്കിയതിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഖാർഗെക്ക് പകരം മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെയാണ് സർക്കാർ സമിതിയിൽ ഉൾപ്പെടുത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദ്, 15-ാം ധനകാര്യ കമ്മീഷൻ മുൻ ചെയർമാൻ എൻ.കെ. സിംഗ്, ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ അംഗങ്ങൾ എന്നിവരും സമിതിയിലുണ്ട്. ലോക്‌സഭ, സംസ്ഥാന അസംബ്ലികൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാർശകൾ നൽകാൻ എട്ടംഗ സമിതിയെ സർക്കാർ ശനിയാഴ്ച അറിയിച്ചിരുന്നു.
Post Your Comments