Latest NewsNewsIndia

‘സനാതന ധർമം മലേറിയയ്ക്കും ഡെങ്കിക്കും സമാനം’: താൻ പറഞ്ഞ ഓരോ വാക്കിലും ഉറച്ച് നിൽക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിൻ

ന്യൂഡൽഹി: സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ രംഗത്തെത്തിയിരുന്നു. ഭാരതത്തിലെ 80 ശതമാനം ജനങ്ങളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അമിത് മാളവ്യ വിമർശിച്ചതോടെ, തന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി ഉദയനിധി രംഗത്തെത്തി. സനാതന ധർമം പിന്തുടരുന്നവരെ വംശഹത്യ നടത്തുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉദയനിധി വ്യക്തമാക്കി.

‘സനാതന ധർമ്മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാൻ ഞാൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധർമം. സനാതന ധർമ്മത്തെ വേരോടെ പിഴുതെറിയുന്നത് മാനവികതയും മാനുഷിക സമത്വവും ഉയർത്തിപ്പിടിക്കുന്നു. ഞാൻ പറഞ്ഞ ഓരോ വാക്കിലും ഞാൻ ഉറച്ചു നിൽക്കുന്നു. സനാതന ധർമം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് ഞാൻ സംസാരിച്ചത്.

സനാതന ധർമത്തെ കുറിച്ചും സമൂഹത്തിൽ അതുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ചും ആഴത്തിലുള്ള ഗവേഷണം നടത്തിയ പെരിയാറിന്റെയും അംബേദ്കറുടെയും വിപുലമായ രചനകൾ ഏത് വേദിയിലും അവതരിപ്പിക്കാൻ ഞാൻ തയ്യാറാണ്. എന്റെ പ്രസംഗത്തിലെ നിർണായക വശം ഞാൻ ആവർത്തിക്കട്ടെ: ‘കൊതുകുകൾ വഴി കോവിഡ്-19, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടരുന്നത് പോലെ, സനാതന ധർമം പല സാമൂഹിക തിന്മകൾക്കും ഉത്തരവാദിയാണെന്ന് ഞാൻ വിശ്വസിക്കുന്നു’. കോടതിയിലായാലും ജനകീയ കോടതിയിലായാലും എന്റെ വഴിയിൽ വരുന്ന ഏത് വെല്ലുവിളികളെയും നേരിടാൻ ഞാൻ തയ്യാറാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക’, ഉദയനിധി എക്‌സിൽ എഴുതി.

അതേസമയം, അമിത് മാളവ്യയ്ക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും ഉദയനിധിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ക്രിസ്ത്യൻ മിഷനറിമാരിൽ നിന്നാണ് സനാതന ധർമത്തെ ഉന്മൂലനം ചെയ്യുകയെന്ന ആശയം ഉദയനിധിക്ക് ലഭിച്ചതെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. അവരുടെ ആശയങ്ങൾ പറയുന്ന ആളുകളായി ഉദയനിധിയും സ്റ്റാലിനും മാറിയെന്നും അണ്ണാമലൈ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button