കൊച്ചി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിക്കപ്പെട്ട നടന് മാധവനെ അഭിനന്ദിച്ച് ഹരീഷ് പേരടി. ഇന്നലെയാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി മാധവനെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിയമിക്കുന്നത്.
ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ആശംസകളുമായി എത്തിയത്. എന്തിലും രാഷ്ട്രീയം കാണുന്ന ഇടതുപക്ഷത്തെ കടന്നാക്രമിച്ചാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പദവിക്ക് മാധവന് അര്‍ഹനാണെന്നും സിനിമാജീവിതാനുഭവമാണ് മാധവനെ ഇതിന് യോഗ്യനാക്കിയെതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ കേരളത്തിലെ അന്തംകമ്മികള്‍ മാധവനെ ഇതോടെ സംഘിയാക്കുമെന്നും ഹരീഷ് പേരടി പറഞ്ഞു.
ഹരീഷ് പേരടിയുടെ പോസ്റ്റ്…
‘പ്രിയപ്പെട്ട മാധവന് സാര്‍..അഭിവാദ്യങ്ങള്‍, താങ്കള്‍ എന്തുകൊണ്ടും ആ പദവിക്ക് അര്‍ഹനാണ്. പല ഭാഷകളിലായി വര്‍ഷങ്ങളായുള്ള താങ്കളുടെ സിനിമാജീവിതാനുഭവം തന്നെയാണ് അതിന് നിങ്ങളെ യോഗ്യനാക്കുന്നത്. പക്ഷെ..നാളെ മുതല്‍ കേരളത്തിലെ ഞങ്ങള്‍ അന്തം കമ്മികള്‍ക്കിടയില്‍ നിങ്ങള്‍ സംഘിയെന്ന ഓമനപേരില്‍ അറിയപ്പെടും. വ്യക്തിപരമായി താങ്കളെ ഞങ്ങള്ക്കിഷ്ടമാണെങ്കിലും ഞങ്ങളുടെ അന്ധമായ പാര്‍ട്ടി അടിമത്വം അതിന് അനുവദിക്കുന്നില്ല. ബുദ്ധിയുറക്കുന്നതിന് മുന്‍പ് ബാലസംഘം വഴി കുത്തിവെക്കുന്ന വിശ്വാസമല്ലെ. അങ്ങിനെ എളുപ്പത്തില്‍ മാറ്റാന്‍ പറ്റില്ല. ഇനി ഞങ്ങളുടെ ഇടയിലെ ബുദ്ധി കൂടിയ ചേട്ടന്മാര് നിങ്ങളുടെ പഴയ സിനിമകളിലെ അരാഷ്ട്രിയത ഉറക്കമൊഴിഞ്ഞ് ചികഞ്ഞെടുത്ത് അതിനെതിരെ ലേഖനമെഴുതി ഞങ്ങളുടെ സ്വന്തം ദേശാഭിമാനിയില്‍ പ്രസിദ്ധികരിക്കും. അതുകൊണ്ടൊന്നും ഏതെങ്കിലും ദേശാഭിമാനിയുടെ സര്‍ഗ്ഗോത്സവത്തിന് നിങ്ങള്‍ മുഖ്യാഥിതിയായി വരാതിരിക്കരുത്’.
‘ഞങ്ങളോടുള്ള ഇഷ്ടം കൊണ്ട് നിങ്ങള്‍ വരാമെന്ന് സമ്മതിച്ചാലും വരുന്ന വഴിക്ക് സൈബര്‍ സഖാക്കളുടെ ആക്രമണം അധികമായാല്‍ പാതിവഴിയില്‍ വെച്ച് നിങ്ങളോട് വരണ്ടാ എന്നും ഉത്തരവാദിത്വപ്പെട്ടവര്‍ പറയും. അതൊക്കെ ഒരു പാര്‍ട്ടി നടപ്പ് മാത്രമാണ്..എന്നാലും നിങ്ങള്‍ ഇങ്ങിനെയൊക്കെയായതില് നല്ല സങ്കടമുണ്ട് .കരഞ്ഞ് തീര്‍ക്കട്ടെ. ഓടി വരി നാട്ടാരെ ഇമ്മളെ മാധവന് പോയെ. ഓന് സംഘിയായെ’.
Post Your Comments