News

നെല്ല് സംഭരണം: 1854 കോടി രൂപ കർഷകർക്ക് നൽകിയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: 2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. 2,50,373 കർഷകരിൽ നിന്നായാണ് 7,31,184 ടൺ നെല്ല് സംഭരിച്ചതെന്ന് മന്ത്രി അറിയിച്ചു. ഇതിൽ 2,30,000 പേർക്ക് മുഴുവൻ പണവും നൽകി. 50,000 രൂപയ്ക്ക് താഴെയുള്ള തുക നൽകാനുള്ള എല്ലാ കർഷകർക്കും പൂർണമായി തുക നൽകിയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 216 കോടിയാണ് നെല്ലിന്റെ വിലയായി ഇനി കർഷകർക്ക് നൽകാനുള്ളതെന്നും ഇത് ഉടൻ അവരുടെ അക്കൗണ്ടുകളിൽ എത്തുമെന്നും വിതരണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Read Also: കേന്ദ്രത്തിലുള്ളവരുടെ മുഖം കറുക്കരുത് എന്നാണ് യുഡിഎഫിന്: വിമർശനവുമായി മുഖ്യമന്ത്രി

കേന്ദ്ര വിഹിതം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാലാണ് കർഷകർക്ക് ഉടൻ പണം കൈമാറുന്നതിനായി ബാങ്ക് കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയത്. എന്നാൽ ഇത് പ്രകാരം പണം വിതരണം ചെയ്യുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായി. എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് കൺസോർഷ്യം വഴി ആദ്യം 700 കോടി രൂപ നൽകാനാണ് ധാരണയായത്. രണ്ടാമത് 280 കോടി രൂപ നൽകാനും ധാരണാപത്രം ഒപ്പുവച്ചു. എന്നാൽ ഓണത്തിന് മുമ്പ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുന്നതിൽ ബാങ്കുകൾ വീഴ്ചവരുത്തി. 12 കോടി രൂപയാണ് എസ്ബിഐ നൽകാനുള്ളത്. കാനറാ ബാങ്ക് ഏഴ് കോടിയും ഫെഡറൽ ബാങ്ക് ആറ് കോടിയും നൽകാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് 24ന് ഒപ്പുവച്ച കരാർ പ്രകാരം എസ്ബിഐ ആഗസ്റ്റ് 30 വരെ 465 കർഷകർക്കായി 3.04 കോടി രൂപയാണ് നൽകിയത്. കാനറാ ബാങ്ക് 4000 കർഷകർക്കായി 38.32 കോടി രൂപ (24ന് മാത്രം) നൽകി. പി.ആർ.എസ് ലോണായി നൽകുന്ന തുകയിൽ ഒരു രൂപയുടെ പോലും ബാധ്യത കർഷകന് ഉണ്ടാകുന്നില്ല. ഈ വായ്പയുടെ മുഴുവൻ പലിശയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസൺ മുതൽ കർഷകർക്ക് പരമാവധി വേഗത്തിൽ പണം നൽകുന്നതിനായി കേരള ബാങ്കുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

2018-2019 മുതൽ 2022വരെ നെല്ല് സംഭരണ വിഹിതമായി 637.6 കോടി രൂപ കേന്ദ്രത്തിൽ നിന്നും ലഭിക്കാനുണ്ട്. വിവിധ ഘട്ടങ്ങളിലായി ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പണം അനുവദിച്ചിട്ടില്ല. സെപ്റ്റംബർ ആറിന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി കേരളത്തിലെത്തുന്നുണ്ടെന്നും ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ചില ഇടങ്ങളിൽ പാടശേഖരസമതികളും കാലതാമസം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നങ്ങളെല്ലാം അടുത്ത സീസണിൽ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കൃഷ്ണകുമാറിനെതിരെ പന്തളത്ത് വെച്ച് നടന്ന പൊലീസ് അതിക്രമം പ്രതിഷേധാർഹം: സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button