കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുളള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും. ഇതിനു ശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുതുക്കിയ പ്രതിപ്പട്ടിക അന്വേഷണ സംഘം നാളെ കോടതിയില്‍ സമര്‍പ്പിക്കും.
നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമെടുത്ത കേസിൽ നടപടി തുടരാമെന്നാണ് നിയമോപദേശം.
കോഴിക്കോട് സ്വദേശിയായ ഹര്‍ഷിനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ത്തിരുന്ന മൂന്ന് പേരെ, സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്നുമൊഴിവാക്കിയിരുന്നു.
പകരം രണ്ട് ഡോക്ടര്‍മാരും രണ്ട് നേഴ്സമുരുമുള്‍പ്പെടെ നാലു പേരാണ് പുതുക്കിയ പ്രതിപ്പട്ടികയില്‍ ഉള്ളത്. ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിലും മറ്റ് ശാസ്ത്രീയ തെളിവുകള്‍ വിലയിരുത്തിയുമാണ് ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ഹര്‍ഷിനയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോള്‍ ഇവരാണ് ഡ്യൂട്ടിലുണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Leave a Comment