എങ്ങനെയാണ് മതം നോക്കി കുട്ടികളെ വേര്‍തിരിച്ചു കാണാൻ ഒരു ടീച്ചര്‍ക്ക് കഴിയുക? ഉത്തര്‍പ്രദേശില്‍ അധ്യാപിക വിദ്യാര്‍ത്ഥിയുടെ മുഖത്ത് മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ വിമർശനവുമായി മുന്‍മന്ത്രി കെ ടി ജലീല്‍. ഇതരമതക്കാരായ കുട്ടികളെക്കൊണ്ട് അവനെ തല്ലിക്കാനും അതുകണ്ട് ആനന്ദിക്കാനും തൃപ്താ ത്യാഗി എന്ന മതഭ്രാന്തിയായ ‘യക്ഷി’ക്ക് എങ്ങിനെ സാധിച്ചു? അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
മുഖത്തടിപ്പിച്ച ക്രൂരത: സ്വമേധയാ കേസെടുക്കണം.
യു.പിയിലെ മുസഫര്‍ നഗറിലെ ഖുതുബ്പൂരില്‍ അദ്ധ്യാപികയുടെ പ്രേരണയില്‍ മുസ്ലിമായതിൻ്റെ പേരില്‍ സഹപാഠികളുടെ തല്ലു കൊള്ളേണ്ടിവന്ന അഞ്ചാം ക്ലാസ്സുകാരൻ അല്‍താഫിൻ്റെ (പേര് സാങ്കല്‍പികം) മുഖം എത്ര മറക്കാൻ ശ്രമിച്ചിട്ടും മനസ്സില്‍ നിന്ന് മായുന്നില്ല. അപമാന ഭാരത്താല്‍ കുനിഞ്ഞ അവൻ്റെ ശിരസ്സും, കൂട്ടുകാരുടെ അടിയേറ്റ് ചുവന്നു കരുവാളിച്ച അവൻ്റെ മുഖവും, ഭൂമികുലുങ്ങുമാറ് കിടുങ്ങുന്ന അവൻ്റെ ഹൃദയവും ആര്‍ക്കാണ് പെട്ടന്ന് മറക്കാനാവുക?
ഒരു ജനപ്രതിനിധി എന്നത് പോലെ ഞാനൊരു അദ്ധ്യാപകനും കൂടിയാണ്. എങ്ങിനെയാണ് മതം നോക്കി കുട്ടികളെ വേര്‍തിരിച്ചു കാണാൻ ഒരു ടീച്ചര്‍ക്ക് കഴിയുക? അവരില്‍ ഒരാളെ മാറ്റി നിര്‍ത്തി ഇതരമതക്കാരായ കുട്ടികളെക്കൊണ്ട് അവനെ തല്ലിക്കാനും അതുകണ്ട് ആനന്ദിക്കാനും തൃപ്താ ത്യാഗി എന്ന മതഭ്രാന്തിയായ യക്ഷിക്ക് എങ്ങിനെ സാധിച്ചു? അവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ട് കേസെടുത്ത് ജയിലിലടക്കേണ്ടതിന് പകരം അധികാരികള്‍ മൗനമവലംബിക്കുന്നത് എത്രമാത്രം കുറ്റകരമാണ്? മുസ്ലിങ്ങള്‍ അടിച്ചോടിക്കപ്പെടേണ്ടവരും മറ്റുള്ളവരുടെ തല്ലുകൊള്ളേണ്ടവരുമാണെന്ന വിഷചിന്ത ഭൂരിപക്ഷ മതവിഭാഗത്തിൻ്റെ മനസ്സിലേക്ക് കുത്തിക്കയറ്റാനാണ് യു.പിയിലെ കാട്ടാളത്തി ശ്രമിച്ചത്.
ലോകത്തൊരിടത്തും നടക്കാത്ത സംഭവങ്ങളാണ് മതേതര ഇന്ത്യയില്‍ കുറച്ചുനാളായി നടക്കുന്നത്? മണിപ്പൂരില്‍ രണ്ടു പെണ്‍കുട്ടികളെ ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം നഗ്നരായി തെരുവിലൂടെ നടത്തിച്ചിട്ട് ആഴ്ചകള്‍ കഴിയുന്നതിന് മുമ്ബാണ് ഉത്തര്‍പ്രദേശിലെ ”മുഖത്തടി സംഭവം” മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചത്. മോദിയും അമിത്ഷായും ആദിത്യയോഗിയും കൂടി നാട് കുട്ടിച്ചോറാക്കുന്ന മട്ടാണ്.
‘അല്‍താഫിനെ’ ആ “’വിഷംചീറ്റി ടീച്ചര്‍’ വെടിവെച്ച് കൊന്നിരുന്നെങ്കില്‍ ഇത്ര വേദന ഉണ്ടാകുമായിരുന്നില്ല. യു.പി പോലീസും യോഗി സര്‍ക്കാരും ഇക്കാര്യത്തില്‍ നടത്തുന്ന ഒളിച്ചുകളി അത്യന്തം അപലപനീയമാണ്. നീതിപീഠങ്ങള്‍ വിഷയത്തില്‍ ഇടപെടണം. തൃപ്താ ത്യാഗിക്കെതിരെ സ്വമേധയാ നീതിപീഠം കേസെടുക്കണം. അവരെ കല്‍തുറുങ്കിലടക്കണം. അതല്ലെങ്കില്‍ ഉത്തരേന്ത്യയിലുടനീളം ഇത്തരം “മുഖത്തടിപ്പിക്കല്‍” ആവര്‍ത്തിക്കപ്പെടും.
മുസഫര്‍നഗറിലേക്ക് വിമാനം കിട്ടാത്തത് കൊണ്ടാണാവോ എന്തോ ലീഗിൻ്റെ എം.പിമാരെയൊന്നും ആ വഴിക്ക് കണ്ടില്ല. കത്വ-ഉന്നാവോ പെണ്‍കുട്ടികളുടെ കണ്ണീര് കാണിച്ച് പള്ളികള്‍ കേന്ദ്രീകരിച്ച് പിരിച്ച് അതിന് തലയും വാലുമില്ലാതാക്കി സ്വന്തം ആര്‍ഭാഢങ്ങള്‍ക്ക് മുക്കിയ പോലെ ഖുതുബ്പൂരിലെ കുട്ടിയുടെ കുടുംബത്തിന് സഹായിക്കാനെന്നും പറഞ്ഞ് ഓണ്‍ലൈൻ പിരിവുമായി യൂത്ത്ലീഗ് ഇറങ്ങേണ്ട. അല്‍താഫിൻ്റെയും കുടുംബത്തിൻ്റെയും കാര്യം പിരിവ് നടത്താതെതന്നെ സി.പി.ഐ (എം) ഏറ്റെടുത്തിട്ടുണ്ട്. സുഭാഷിണി അലിയും ജോണ്‍ ബ്രിട്ടാസ് എം.പിയും അക്കാര്യം പ്രസ്തുത കുടുംബത്തെ അറിയിച്ച വിവരമാണ് ഇമേജില്‍ കൊടുത്തിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന് ഒരായിരം ബിഗ് സെല്യൂട്ട്.
Post Your Comments