തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറൊപ്പിടാൻ, അന്തിമ തീരുമാനമായതായാണ് ലഭ്യമായ വിവരം. രണ്ടാഴ്‌ചയ്ക്കുള്ളിൽ ഹെലികോപ്‌ടർ തലസ്ഥാനത്തെത്തും. എന്നാൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ലക്ഷങ്ങൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
2020ൽ മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്ടർ വാടകയ്ക്കെടുത്തിരുന്നു. എന്നാൽ, അത് സംബന്ധിച്ച് വ്യാപകമായ ആക്ഷേപം ഉയർന്നതോടെ ഹെലികോപ്റ്ററിൻ്റെ വാടക കാലാവധി കഴിഞ്ഞ് കരാർ പുതുക്കിയിരുന്നില്ല. തുടർന്ന് രണ്ടര വർഷത്തിന് ശേഷമാണ് വീണ്ടും മുഖ്യമന്ത്രിയ്ക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാർച്ചിലെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്‌ടർ വാടകയ്ക്ക് നൽകുന്നത്. 20 മണിക്കൂർ നേരം പറക്കുന്നതിനാണ് 80 ലക്ഷം രൂപ വാടക ഈടാക്കുന്നത്. അതിൽ കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണമെന്നാണ് കരാറിൽ വ്യക്തമാക്കിയിരിക്കുന്നത്. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാൻ സൗകര്യം ഹെലികോപ്റ്ററിലുണ്ട്. എന്നാൽ, മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവർത്തനം തുടങ്ങി പൊലീസിൻ്റെ ആവശ്യങ്ങൾക്കാണ് ഹെലികോപ്‌ടർ വാങ്ങുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
Leave a Comment