കാത്തിരിപ്പുകൾക്കൊടുവിൽ ശിവമോഗ കൂവേമ്പു വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സർവീസ് നാളെ പറന്നുയരും. ശിവമോഗ-ബെംഗളൂരു റൂട്ടിൽ ഇൻഡിഗോ എയർലൈൻസാണ് സർവീസ് നടത്തുക. നാളെ രാവിലെ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.05 ഓടെ ശിവമോയിൽ എത്തിച്ചേരും. തുടർന്ന് ശിവമോഗയിൽ തിരിച്ചുള്ള സർവീസ് 11.25-ന് ബെംഗളൂരുവിലേക്ക് പുറപ്പെടുന്നതാണ്. 12.25-നാണ് വിമാനം ബെംഗളൂരുവിൽ എത്തിച്ചേരുക.
മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ, ജില്ലയുടെ ചുമതലയുള്ള മന്ത്രി മധു ബംഗാരപ്പ, മന്ത്രി എം.ബി പാട്ടീൽ തുടങ്ങിയവർ ആദ്യ സർവീസിൽ യാത്ര ചെയ്യുന്നതാണ്. ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസത്തിനുശേഷമാണ് ശിവമോഗയിൽ നിന്ന് വിമാന സർവീസുകൾ ആരംഭിക്കുന്നത്. ഈ വർഷം ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചിരുന്നെങ്കിലും, പണി പൂർണമായി പൂർത്തിയാക്കാത്തതിനാൽ വിമാന സർവീസുകൾ ആരംഭിച്ചിരുന്നില്ല.
അടുത്ത ഒരു മാസത്തിനുള്ളിൽ ചെന്നൈ, ഗോവ, തിരുപ്പതി എന്നിവിടങ്ങളിലേക്ക് ശിവമോഗയിൽ നിന്ന് വിമാന സർവീസുകളാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാന സർവീസ് തുടങ്ങുന്നതോടെ ശിവമോഗയിലെയും സമീപ ജില്ലകളിലെയും വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവാകുമെന്നാണ് വിലയിരുത്തൽ. 10 വർഷത്തിനുള്ളിൽ ശിവമോഗയെ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളമാക്കി ഉയർത്താനാണ് പദ്ധതിയിടുന്നത്.
Post Your Comments