ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വില കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും ഓർഡർ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ചുരുക്കം ചില ആളുകൾ തട്ടിപ്പിന് ഇരയാകാറുണ്ട്. ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾക്ക് പകരം, മറ്റ് വസ്തുക്കളാണ് ഡെലിവറി ചെയ്യാറുള്ളത്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ നിന്നും 76,000 രൂപ വിലയുള്ള മാക്ക് ബുക്ക് ഓർഡർ ചെയ്ത ഒരാൾക്ക് 3,000 വിലയുള്ള ബോട്ടിന്റെ സ്പീക്കറാണ് ലഭിച്ചിരിക്കുന്നത്. അഥർവ ഖണ്ഡേൽവാൽ എന്ന വ്യക്തിയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായിരിക്കുന്നത്.
ഫ്ലിപ്കാർട്ട് ഹബ്ബിലെ ഡെലിവറി എക്സിക്യൂട്ടീവിന്റെ സാന്നിധ്യത്തിൽ പാക്കേജ് തുറന്നപ്പോഴാണ്, ഓർഡർ ചെയ്ത ഉൽപ്പന്നത്തിന് പകരം സ്പീക്കറുകൾ കണ്ടത്. ഉടൻ തന്നെ ഇയാൾ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. പാക്കേജ് പരിശോധിക്കുന്നതിന് മുൻപ് തന്നെ ഒടിപി പങ്കുവെച്ചതിൽ തെറ്റ് പറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്. ഓർഡർ പരിശോധിക്കാൻ അനുവദിക്കുന്നതിനു മുൻപ് ഡെലിവറി എക്സിക്യൂട്ടീവ് ഒടിപി കൈമാറാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദിനംപ്രതി ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നതിനാൽ, സംഭവം സോഷ്യൽ മീഡിയ വലിയ തോതിൽ ഏറ്റെടുത്തിട്ടുണ്ട്. നിലവിൽ, തട്ടിപ്പിന് ഇരയായ വ്യക്തിക്ക് റീഫണ്ട് തുക ഫ്ലിപ്കാർട്ട് കൈമാറിയിട്ടുണ്ട്. കൃത്യമായ തെളിവുകൾ ഉണ്ടായിട്ടും, റീഫണ്ടിനും പ്രശ്ന പരിഹാരത്തിനും വേണ്ടി ഫ്ലിപ്കാർട്ടിനെ സമീപിച്ചപ്പോൾ നിരവധി പ്രതിബന്ധങ്ങളാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഓപ്പൺ ബോക്സ് ഡെലിവറികൾക്ക് ബാധകമായ നോ റിട്ടേൺ പോളിസിയാണ് ഈ അഭ്യർത്ഥന പരിഗണിക്കാത്തതിന്റെ കാരണമെന്ന് ഫ്ലിപ്കാർട്ട് പ്രതികരിച്ചു.
Post Your Comments