മലപ്പുറം: മലപ്പുറം കാരാത്തോട് പുഴക്കടവില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര മുതലമാട് കരിമ്പില്‍ റിയാസിന്റെ മകന്‍ നാസിം (15) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മാതൃവീട്ടിൽ വിരുന്നിനു വന്ന വിദ്യാര്‍ത്ഥി കുടുംബത്തോടൊപ്പം കുളിക്കാന്‍ കടലുണ്ടി പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നാസിമിന്റെ മാതൃസഹോദരിയുടെ മകന്‍ മുഹമ്മദ് ജാസിമും (17) ഒഴുക്കില്‍പെട്ടെങ്കിലും നീന്തി രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെയാണ് ഒഴുക്കില്‍പെട്ട വിവരം നാട്ടുകാര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന്, നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴര മണിയോടെ നാസിമിന്റെ മൃതദേഹം കണ്ടെടുത്തു. പുഴയില്‍ വലിയ അടിയൊഴുക്കുണ്ടായിരുന്നെന്നും ഇതാകാം അപകട കാരണം എന്നുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാര്‍ പറഞ്ഞത്.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിയാണ് നാസിം. മാതാവ്: സുനീറ. സഹോദരി: റിയ ഫാത്തിമ.
Post Your Comments