യുവാക്കൾക്കിടയിൽ ഹരമായി മാറിയ വാഹനമാണ് കെടിഎം ഡ്യൂക്ക്. ഈ ബ്രാൻഡിന്റെ ഏറ്റവും വില കുറഞ്ഞ മോട്ടോർസൈക്കിളാണ് കെടിഎം 125 ഡ്യൂക്ക്. 250 ഡ്യൂക്ക്, 390 ഡ്യൂക്ക് എന്നിവയുടെ പുതുക്കിയ പതിപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതുക്കിയ പതിപ്പായ 125 സിസി ഡ്യൂക്കും വിപണിയിലെത്തിയിരിക്കുന്നത്. പുതുക്കിയ പതിപ്പിൽ ബൈക്കിന്റെ ഡിസൈൻ കമ്പനി പൂർണമായും നവീകരിച്ചിട്ടുണ്ട്. നിലവിൽ, ആഗോള വിപണിയിൽ മാത്രമാണ് പുതുക്കിയ പതിപ്പ് പുറത്തിറക്കിയിട്ടുള്ളൂ.
എൽഇഡി ഹെഡ് ലാമ്പ്, വലിയ ടാങ്ക് ഷൗഡ്സ്, മസ്കുലാർ ഫ്യുവൽ ടാങ്ക് എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 124.9 സിസി, ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എൻജിൻ 14.7 ബിച്ച്പി മാക്സിമം പവറും, 11 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്നുണ്ട്. 6 സ്പീഡ് ഗിയർ ബോക്സുകളുമായിട്ടാണ് എൻജിൻ വരുന്നത്. ഇവ ഇന്ത്യയിൽ എത്തുമ്പോൾ എൻജിൻ പുതിയ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പുതുക്കാൻ സാധ്യതയുണ്ട്.
പുതിയ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും പ്രഷർ ഡൈ-കാസ്റ്റ് അലൂമിനിയം സബ് ഫ്രെയിമുമാണ് പുതിയ മോഡലിൽ കമ്പനി നൽകിയിട്ടുള്ളത്. ബൈക്കിന്റെ മുൻവശത്ത് 320 എംഎം ഡിസ്ക്കും പിന്നിൽ 240 എംഎം ഡിസ്ക്കുമാണ് ബ്രേക്കിംഗിനായി നൽകിയിട്ടുള്ളത്. പുതിയ 125 ഡ്യൂക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച സൂചനകളൊന്നും കെടിഎം നൽകിയിട്ടില്ല. അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചന.
Post Your Comments