KeralaLatest News

‘കൈക്കൂലിവാങ്ങി മണ്ണ് മാഫിയയെ സഹായിക്കുന്നു’- പേട്ട സംഘര്‍ഷത്തിൽ പോലീസിനെതിരെ ഡിവൈഎഫ്ഐ നേതാവ്

തിരുവനന്തപുരം: പേട്ടയിലെ സംഘര്‍ഷത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ. സംഭവത്തിൽ നടന്നത് തെറ്റിദ്ധരിപ്പിക്കാൽ ആണെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ചതുപ്പില്‍ മണ്ണടിക്കുന്നത് തടയാനാണ് പോലീസിനെ വിളിച്ചു വരുത്തിയതെന്ന് ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി നിധീഷ് പറഞ്ഞു.

എന്നാൽ, വിഷയം മാറ്റാനാണ് പോലീസ് ഹെല്‍മറ്റ് പ്രശ്നമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിനോട് ആണ് നിധീഷിന്റെ പ്രതികരണം.

ഒരുവാതില്‍കോട്ടയില്‍ കായലിനോട് ചേര്‍ന്ന ചതുപ്പുനിലം മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെ ഡി.വൈ.എഫ്.ഐ. ഇടപെട്ടിരുന്നു. നികത്തല്‍ തുടരുന്നതിനിടെയാണ് പോലീസ് താൻ ഹെല്‍മറ്റ് ധരിക്കാത്തത് ചൂണ്ടിക്കാട്ടി പിഴയിടുന്നതെന്ന് നിധീഷ് പറഞ്ഞു. പിഴയടക്കാൻ തയ്യാറായിരുന്നു. എന്നാല്‍ മണ്ണുമാഫിയക്കെതിരെ നടപടിയെടുക്കാത്തത് ചോദ്യം ചെയ്തതോടെയാണ് പോലീസിന്റെ സ്വഭാവം മാറുന്നത്.

മണ്ണ് ലോറികള്‍ പോകുന്നുണ്ടായിരുന്നു. അത് പിന്തുടര്‍ന്നു വന്നപ്പോഴാണ് മണ്ണടിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്നാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. ലോറികള്‍ പ്രദേശത്തേക്ക് വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും തന്റെ വാദങ്ങളെ സാധൂകരിക്കുന്ന ശബ്ദരേഖകളും നിധീഷ് പങ്കുവച്ചു. പേട്ട പോലീസ് മണ്ണടിക്കുന്ന പ്രദേശത്ത് എത്തിയിട്ട് നടപടിയില്ലെന്ന് സിഐയോട് പറയുന്നതിന്റെ ശബ്ദരേഖകളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.

പ്രദേശത്ത് ചതുപ്പ് നികത്തുന്നത് പോലീസ് ഒത്താശയോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. പേട്ട പോലീസ് മണ്ണ് മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു. സി.ഐക്ക് പരാതി നല്‍കാൻ ചെന്നപ്പോള്‍ പോലീസ് മര്‍ദിച്ചു. വിഷയം നിഷ്പക്ഷ ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേട്ട പോലീസ് സ്റ്റേഷനില്‍ വച്ചുണ്ടായ സി.പി.എം-പോലീസ് സംഘര്‍ഷത്തിന് പിന്നാലെ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരുടെ ഉത്തരവ് ശനിയാഴ്ച സിറ്റി പോലീസ് കമ്മീഷണര്‍ റദ്ദാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button