കൊച്ചി: വ്യാജരേഖ കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം അനുവദിച്ച കോടതി നടപടിയിൽ പ്രതികരിച്ച് നടൻ കൃഷ്ണ കുമാർ. പിണറായി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവൃത്തികൾക്കെതിരെ ഷാജൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയമാണിതെന്ന് കൃഷ്ണ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. ഈ നാട്ടിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും വിജയമാണിതെന്നും ക്രസഹന കുമാർ വ്യക്തമാക്കി.
അതേസമയം, ഷാജന്റെ അറസ്റ്റിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം ജില്ലാ കോടതി. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമർശനത്തിന് കാരണം. ചോദ്യം ചെയ്യലിന് ശേഷം ഷാജനെ വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചു. നിലവിൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കും. അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കമാണ് കാട്ടിയതെന്ന് കോടതി വിമർശിച്ചു.
കൃഷ്ണ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
സ്റ്റാലിൻ മുതൽ ചെസെസ്‌ക്യൂ വരെ, മാവോ സെ തൂങ് മുതൽ കിം ജോങ്-ഉൻ വരെ, സ്വേച്ഛാധിപതികൾ വിയോജിപ്പുള്ളവരെ നിഷ്‌കരുണം പീഡിപ്പിക്കാൻ തങ്ങളുടെ അധികാരം പ്രയോഗിച്ചതായി ചരിത്രം വെളിപ്പെടുത്തുന്നു. സ്വേച്ഛാധിപതികൾ അവരുടെ അധികാരം അവരുടെ വ്യക്തിപരമായ നിയമമായി ഉപയോഗിക്കുന്നു . എന്നാൽ , അധികാരത്തിൽ തുടരാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ പിന്തുണയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഒരു സംസ്ഥാനം , ആ സ്വേച്ഛാധിപതികൾക്കു സമാനമായ പാതയിലൂടെ സഞ്ചരിക്കുന്നതായി തോന്നുമ്പോഴാണ് നമ്മുടെയിടയിൽ ആശങ്ക ഉയരുന്നത്.
ഇടതുപക്ഷ ഭരണത്തിന്റെ കീഴിൽ ഉണ്ടായിട്ടുള്ള വൻ അഴിമതികളും ഭരണ പോരായ്മകലും ഉയർത്തിക്കാട്ടുന്നതിൽ ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകൻ മുൻപന്തിയിൽ തന്നെയായിരുന്നു. നിയമത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് നിരവധി കേസുകളാണ് അദ്ദേഹത്തിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്. ജാമ്യം ലഭിച്ച ഒരു കേസുമായി ബന്ധപ്പെട്ട് നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ചു ഷാജൻ നിലമ്പുർ പോലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തുമ്പോൾ, രണ്ട് തവണ സബ് കോടതി തള്ളിയ മറ്റൊരു കേസ് ജാമ്യമില്ലാ കുറ്റമായി തൃക്കാക്കര പോലീസ് സ്റ്റേഷനിൽ വീണ്ടും ഫയൽ ചെയ്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ സെഷൻസ് കോടതി പോലീസിന്റെ ഈ ചെയ്തികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഷാജന് ജാമ്യം അനുവദിച്ചു. “ബഹു: ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം ഉത്തമ വിശ്വാസത്തോടെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാക്കുമ്പോൾ ബഹു: ഹൈക്കോടതിയുടെ സംരക്ഷണയിലാണ് അദ്ദേഹം ഹാജരാകുന്നത്. അങ്ങനെ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്ന ഒരു വ്യക്തിയെ മറ്റൊരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നത് കോടതി നടപടികളെ പരിഹസിക്കുന്നതിനു തുല്യമാണെന്ന്” സെഷൻസ് കോടതി ജാമ്യം അനുവദിച്ച ഉത്തരവിൽ പറഞ്ഞു.
പിണറായി സർക്കാരിൻറെ ജനാധിപത്യ വിരുദ്ധ പ്രവൃത്തികൾക്കെതിരെ ഷാജൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം മാത്രമല്ല ഇത് മറിച്ചു ഈ നാട്ടിലെ ജനധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും വിജയമാണ്…
Post Your Comments