ദുബായ്: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചത്. ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിൽ ഇന്ത്യയിലെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിൽ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കളെ അഭിനന്ദിക്കുകയാണ്. രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്, ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്’- ഷേഖ് മുഹമ്മദ് കുറിച്ചു.ബുധനാഴ്ച വൈകിട്ട് 6.03നാണ് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ ലാൻഡർ വിജയകരമായി ചന്ദ്രനിലിറങ്ങിയത്. നാല് ഘട്ട ലാൻഡിംഗ് പ്രക്രിയ കൃത്യമായിരുന്നു.
ജി 20 ഉച്ചകോടി നടക്കാനിരിക്കെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അംഗീകാരവും സ്വീകാര്യതയും ഉയർത്തുന്നതാണ് ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയം. ഇന്ത്യയുടെ വിജയം പ്രധാന വിദേശമാധ്യമങ്ങളെല്ലാം വൻപ്രാധാന്യത്തോടെയാണ് നൽകിയത്.സിഎൻഎൻ, ബിബിസി, അൽജസീറ തുടങ്ങി പ്രധാന വിദേശമാധ്യമങ്ങളെല്ലാം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയതും ഇന്ത്യയിലെ ആഘോഷവും തത്സമയം നൽകി. സമീപകാലത്ത് ഇന്ത്യയുടെ ഒരു നേട്ടവും ഇതു പോലെ ലോകമെങ്ങും ചലനമുണ്ടാക്കിയില്ല.
Post Your Comments