KeralaLatest NewsNewsLife StyleHealth & Fitness

വെളിച്ചെണ്ണ ഒരു ‘വിഷം’!! ഓണത്തിന് ഉപ്പേരി വറുക്കുന്നെങ്കിൽ അത് വെളിച്ചെണ്ണയിൽ വേണ്ട: കുറിപ്പ്

സൂര്യകാന്തിഎണ്ണയിൽ (Sunflower oil) പൂരിത കൊഴുപ്പുകൾ (saturated fat) ഏകദേശം പത്തു ശതമാനമേ ഉള്ളൂ

ഓണം വന്നെത്തുകയായി. നാളികേരവും വെളിച്ചെണ്ണയുമൊന്നുമില്ലാതെ മലയാളികളുടെ സദ്യ പൂർണ്ണതയിൽ എത്തില്ല. എന്നാൽ ഓണത്തിന് ഉപ്പേരി വറുക്കുന്നെങ്കിൽ അത് വെളിച്ചെണ്ണയിൽ വേണ്ടെന്നു ഡോ.സുരേഷ് സി പിള്ള. വെളിച്ചെണ്ണ നമ്മുടെ ശരീരത്തിന് എത്ര ദോഷമാണെന്നും വെളിച്ചെണ്ണ വിഷമാണെന്ന് ഹാര്‍വാര്‍ഡ് ഗവേഷകൻ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടും പങ്കുവച്ചാണ്‌ ഡോ. സുരേഷ് സി പിള്ളയുടെ പോസ്റ്റ്.

കുറിപ്പ് പൂർണ്ണ രൂപം,

അപ്പോൾ ഓണത്തിന് ഉപ്പേരി വറുക്കുന്നെങ്കിൽ അത് വെളിച്ചെണ്ണയിൽ വേണ്ട.
ഇതാ ഹാർവാർഡ് പ്രൊഫസ്സർ Dr Karin Michels നടത്തിയ Coconut Oil and other Nutritional Errors എന്ന പ്രഭാഷണത്തിൽ പറയുന്നത് വെളിച്ചെണ്ണ ഒരു ‘വിഷം’ എന്നു തന്നെയാണ്.

വാർത്ത കമന്റിൽ.
ഒരു പക്ഷെ ഏറ്റവും വിമർശനം ഏറ്റുവാങ്ങിയ പോസ്റ്റുകളിൽ ഒന്ന് വെളിച്ചെണ്ണയെക്കുറിച്ചു എഴുതിയത് ആണ്.

ഏകദേശം 6 വർഷം മുൻപ് പോസ്റ്റ് ചെയ്തതാണ്. വെളിച്ചെണ്ണ: എന്താണ് ഗവേഷണ പഠനങ്ങൾ പറയുന്നത്? വെളിച്ചെണ്ണയുടെ രാസഘടന (Chemistry) എന്താണ്? അത് ഒന്നു കൂടി പോസ്റ്റ് ചെയ്യുന്നു. കാരണങ്ങൾ എല്ലാം താഴെ കൊടുക്കുന്നു.

പോളണ്ടിനെക്കുറിച്ച് നീ ഒരക്ഷരം മിണ്ടരുത്, എനിക്കതിഷ്ടമല്ല ‘സന്ദേശം’ എന്ന സിനിമയിൽ ഊണുമേശയിലുള്ള വാഗ്വാദത്തിനിടെ പ്രഭ (ശ്രീനിവാസൻ) അനുജൻ പ്രകാശനോട് (ജയറാം) പറയുന്ന ഈ സംഭാഷണം മിക്കവാറും എല്ലാ മലയാളികൾക്കും പരിചയം ഉണ്ടാവും.
അതുപോലെയാണ് മലയാളിയോട് ‘വെളിച്ചെണ്ണ’ യുടെ കാര്യം പറയുമ്പോൾ.
വെളിച്ചെണ്ണ ആരോഗ്യത്തിന് അത്യുത്തമം എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, വെളിച്ചെണ്ണ ഹൃദ്രോഗത്തിനു കാരണമാകും പൂർണ്ണമായും ഒഴിവാക്കണം എന്ന് വേറൊരു വിഭാഗം വാദിക്കുന്നു.
വർഷങ്ങളായുള്ള ഈ വാദകോലാഹലങ്ങൾ ഉണ്ടായിട്ടും നമുക്ക് ഒരു കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല.
അങ്ങിനെയാണ് ഇന്ന് ഗവേഷണ ഡാറ്റബേസിൽ കയറി വെളിച്ചെണ്ണയെക്കുറിച്ചുള്ള പഠനങ്ങൾ അന്വേഷിച്ചത്.

ആദ്യം നമുക്ക് വെളിച്ചെണ്ണയുടെ രാസഘടന (Chemistry) എന്താണ് എന്ന് നോക്കാം.

എന്താണ് വെളിച്ചെണ്ണയുടെ രാസഘടന (Chemistry)?

വെളിച്ചെണ്ണ 98 ശതമാനവും ഫാറ്റി ആസിഡുകൾ ആണ്. ഇനി ഫാറ്റി ആസിഡ് എന്താണ് എന്നാണ് ചോദ്യം എങ്കിൽ, ഒരു നീണ്ട ഹൈഡ്രോകാർബൺ ശൃംഖലയും അതിന്റെ അറ്റത്തുള്ള carboxyl group (-COOH) ഉം ചേർന്നതാണ് ഫാറ്റി ആസിഡുകൾ. ഫാറ്റി ആസിഡുകളെ രണ്ടായി തരം തിരിക്കാം, പൂരിതവും (saturated) അപൂരിതവും (Unsaturated).

ഹൈഡ്രോകാർബൺ ശൃംഖലയിലെ കാർബൺ ആറ്റങ്ങൾ എല്ലാം ഏകബന്ധനം (single bond) വഴി സംയോജിക്കപ്പെട്ടിരിക്കുന്നവയെ പൂരിത സംയുക്തങ്ങൾ (saturated) എന്ന് വിളിക്കുന്നു.
ഇതേപോലെ, ഹൈഡ്രോകാർബൺ ശൃംഖലയിലെ ഒന്നോ അതിൽ അധികമോ കാർബൺ ആറ്റങ്ങൾ ദ്വയബന്ധനമുള്ളവയെ അപൂരിത (Unsaturated) ഫാറ്റി ആസിഡുകൾ എന്നും പറയും. (Note:Fatty acids are long, straight chain carboxylic acids. A fat (or oil) molecule is formed when three fatty acid molecules react with a glycerol molecule to yield a triglyceride.

ഹൈഡ്രോകാർബൺ ശൃംഖലയിലെ ഒരു ദ്വയബന്ധനനം (double bond) മാത്രം ഉള്ള കാര്ബണിക സംയുക്തങ്ങളെ അപൂരിത monounsaturated ഫാറ്റി ആസിഡുകൾ എന്നും ഒന്നിൽ കൂടുതൽ ദ്വയബന്ധനനം (double bond) ഉള്ളവയെ polyunsaturated ഫാറ്റി ആസിഡുകൾ എന്നും പറയും.
ഇതിൽ പൂരിത കൊഴുപ്പുകളെ (saturated fat) ആണ് പൊതുവായി ‘അഴുക്ക്’ കൊഴുപ്പ് എന്നും, അപൂരിത കൊഴുപ്പുകളെ (unsaturated fat) ആണ് പൊതുവായി ‘നല്ല’ കൊഴുപ്പ് എന്നും പറയുന്നത്. കൂടുതൽ വായനയ്ക്ക് (The truth about fats: the good, the bad, and the in-between Essential fats like polyunsaturated fat lower LDL and triglycerides, boost cholesterol profile).

ഇനി പറയുന്നത്, വളരെ പ്രാധാന്യം ഉള്ളതാണ്.
വെളിച്ചെണ്ണയിൽ ഉള്ള ഫാറ്റി ആസിഡുകൾ എന്തൊക്കെ എന്ന് നോക്കാം. ഏറ്റവും കൂടുതൽ ഉള്ളത് പൂരിത കൊഴുപ്പായ (saturated fat) ലോറിക്ക് ആസിഡ് (Lauric acid) ആണ്, ഇത് 45% to 52%.
അടുത്തതും പൂരിത കൊഴുപ്പായ (saturated fat) Myristic acid ആണ്, ഇതിന്റെ അളവ് 16% to 21%.
അടുത്തയാളും പൂരിത കൊഴുപ്പു തന്നെ, പേര് Caprylic acid (അളവ് 5% to 10%).
പിന്നെയുള്ള Palmitic acid (7% to 10%), Capric acid (4% to 8%), Caproic acid (0.5% to 1%), പൂരിത കൊഴുപ്പുക്കൾ (saturated fat) ആണ്. അതായത് വെളിച്ചെണ്ണയിൽ ഉള്ള ഫാറ്റി ആസഡിൽ 80 ശതമാനത്തിനു മുകളിൽ പൂരിത കൊഴുപ്പാണ് എന്നാണ്.

ബാക്കിയുള്ള ഫാറ്റി ആസിഡുകൾ Oleic acid (5% to 8%), Linoleic acid (1% to 3%) എന്നിവ അപൂരിത (Unsaturated) ഫാറ്റി ആസിഡുകൾ ആണ്.
ഇതു കൂടാതെ 1% വീതം Vitamin E യും Vitamin K യും ഉണ്ട്.
അപ്പോൾ പറഞ്ഞത് വെളിച്ചെണ്ണയിൽ 80 ശതമാനത്തിൽ കൂടുതൽ പൂരിത കൊഴുപ്പ് എന്നാണോ?
അതെ. ഇതിൽ തന്നെ 45% to 52% പൂരിത കൊഴുപ്പായ (saturated fat) ലോറിക്ക് ആസിഡ് (Lauric acid) ആണ് എന്നും പറഞ്ഞല്ലോ,

അപ്പോൾ ചില ഗവേഷണങ്ങൾ പറയുന്നല്ലോ വെളിച്ചെണ്ണ നല്ലതാണെന്ന്?
അതിനു കാരണമായി അവർ പറയുന്നത് “വെളിച്ചെണ്ണ പൂരിതം എങ്കിലും ചെറുതും, മദ്ധ്യമം ആയതുമായ ഫാറ്റി ആസിഡുകൾ കൊണ്ടാണ് നിർമ്മിതം ആയിരിക്കുന്നത്” എന്നാണ്.

ഉദാഹരണത്തിന് വെളിച്ചെണ്ണയിൽ ഏറ്റവും കൂടുതൽ ഉള്ള ലോറിക്ക് ആസിഡ് (Lauric acid) 12-കാർബൺ അറ്റങ്ങൾ ഉള്ള ഒരു പൂരിത ഫാറ്റി ആസിഡാണ്. ചെറിയ പൂരിത ഫാറ്റി ആസിഡുകൾക്ക് ദഹിക്കാൻ സാധാരണ വലിയ ഫാറ്റി ആസിഡുകളെ ദഹിപ്പിച്ചു Acetyl coenzyme A or acetyl-CoA ആക്കി മാറ്റുന്ന carnitine (β-hydroxy-γ-N-trimethylaminobutyric acid, 3-hydroxy-4-N,N,N- trimethylaminobutyrate) transport system ഉപയോഗിക്കേണ്ടതില്ല, മറിച്ച് അവ പെട്ടെന്ന് ഓക്സീകരിച്ചു (oxidize) ഊർജ്ജം ആക്കി മാറ്റും എന്നാണ്.

അതായത് ‘Structured triacylglycerol emulsion, containing both medium- and long-chain fatty acids, in long-term home parenteral nutrition: a double-blind randomized cross-over study. എന്ന പഠനത്തിൽ [Rubin M, Moser A, Vaserberg N, Greig F, Levy Y, Spivak H, Ziv Y, Lelcuk S Nutrition. 2000 Feb; 16(2):95-100.)]’ പറഞ്ഞിരിക്കുന്നത് “The MCFA are partly independent of the carnitine transport mechanism into the mitochondria of the liver and are rapidly and exclusively oxidized for the production of energy” എന്നാണ്. അതു പോലെ, Influence of medium-chain triglycerides on consumption and weight gain in rats: A systematic review. Ferreira L, Lisenko K, Barros B, Zangeronimo M, Pereira L, Sousa R J Anim Physiol Anim Nutr. 2012;98:1–8 . പറയുന്നത് “the long-chain fatty acid (LCFA) commonly found in most diets are incorporated into chylomicrons after being absorbed in the intestine where they are subjected to re-esterification and then reach the bloodstream via the lymphatic system (Ferreira et al., 2012).” എന്നാണ്.

ചുരുക്കിപ്പറഞ്ഞാൽ മുകളിലത്തെ പഠനങ്ങളിൽ പറഞ്ഞിരിക്കുന്നത്, പൂരിതമെങ്കിലും താരതമ്യേന ചെറുതായ ഫാറ്റി ആസിഡുകൾ രക്തത്തിൽ കൊഴുപ്പായി അടിയാനുള്ള സാദ്ധ്യത കുറവാണ് എന്നാണ്.
12-കാർബൺ അറ്റങ്ങൾ ഉള്ള ലോറിക്ക് ആസിഡിനെപറ്റിയുള്ള (Lauric acid) ആ വാദം ശരിവച്ചാലും, വെളിച്ചെണ്ണയിൽ ഉള്ള 7% to 10% Palmitic acid പതിനാറു കാർബൺ ആറ്റങ്ങൾ ഉള്ള സംയുക്തമാണ്.
കൂടാതെ 16%മുതൽ 21% വരെയുള്ള Myristic acid പതിനാലു കാർബൺ ആറ്റങ്ങൾ ഉള്ള സംയുക്തമാണ്.
ഇവ രണ്ടും കൂട്ടിയാൽ തന്നെ 20 %മുതൽ 30 % വരെ വലിയ കാർബണിക ശൃംഖല ഉള്ള ഫാറ്റി ആസിഡുകളുടെ കൂട്ടം ആണ്.
അതിനാൽ വെളിച്ചെണ്ണയിൽ ധാരാളം പൂരിത കൊഴുപ്പുകൾ ഉള്ള ഒരു എണ്ണ തന്നെയാണ് എന്ന് ഉപസംഹരിക്കാൻ പറ്റും.

2016 ൽ പ്രസിദ്ധീകരിച്ച ‘Coconut oil consumption and cardiovascular risk factors in humans. Eyres L, Eyres MF, Chisholm A, Brown RC. Nutr Rev. 2016;74:267–280. doi: 10.1093/nutrit/nuw002’ എന്ന റിവ്യൂ നിരവധി പഠനങ്ങളെ സംശീ കരിച്ചു പറഞ്ഞിരിക്കുന്നത്, വെളിച്ചെണ്ണയെ ഒരു ‘ഹെൽത്തി’ ആയ എണ്ണയായി കണക്കാക്കാൻ പറ്റില്ല എന്നാണ്.
കൂടാതെ, 2003 അമേരിക്കൻ ജേർണൽ ഓഫ് ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച (Mensink RP, Zock PL, Kester AD, Katan MB (May 2003). “Effects of dietary fatty acids and carbohydrates on the ratio of serum total to HDL cholesterol and on serum lipids and apolipoproteins: a meta-analysis of 60 controlled trials”. Am J Clin Nutr. 77 (5): 1146–55. PMID 12716665.) ഒരു പഠനത്തിൽ lauric acid, രക്തത്തിലുള്ള high-density lipoprotein (HDL) കൊളസ്റ്ററോളും and low-density lipoprotein (LDL) കൊളസ്റ്ററോളും ഒരേപോലെ കൂട്ടും എന്ന് പറഞ്ഞിട്ടുണ്ട്.

അപ്പോൾ സൂര്യകാന്തിഎണ്ണയോ (Sunflower oil) ?
സൂര്യകാന്തിഎണ്ണയിൽ (Sunflower oil) പൂരിത കൊഴുപ്പുകൾ (saturated fat) ഏകദേശം പത്തു ശതമാനമേ ഉള്ളൂ. അതായത് 5% Palmitic acid (saturated) ഉം 6% Stearic acid (saturated) ഉം. 80% അപൂരിത (Unsaturated) ഫാറ്റി ആസിഡുകൾ ആയ Linoleic acid 59% (polyunsaturated omega-6): Oleic acid 30% (monounsaturated omega-9). പക്ഷെ ഈ Stearic acid (C18H36O2) പതിനെട്ട് കാർബൺ അറ്റങ്ങൾ ഉള്ള ഒരു സംയുക്തമാണ്. അതിനാൽ സൂര്യകാന്തി എണ്ണയും അത്ര ആരോഗ്യകരമല്ല. പാം ഓയിലിലും 80% നു മുകളിൽ പൂരിത ഫാറ്റി ആസിഡുകൾ ഉണ്ട്. WHO (World Health Organization) പറയുന്നത്, അപൂരിത കൊഴുപ്പുകൾ കൂടുതൽ ഉള്ളതിനാൽ സൂര്യകാന്തിഎണ്ണ (Sunflower oil) നിയന്ത്രിതമായ അളവിൽ ഉപയോഗിക്കാം എന്നാണ്.

ഇതൊക്കെ അന്താരാഷ്ട്ര ശാസ്ത്ര മാഫിയ വെളിച്ചെണ്ണയെ നശിപ്പിക്കാനായി തെറ്റായി പ്രചരിപ്പിക്കുന്നതല്ലേ?
ഒരിക്കലും അല്ല. വെളിച്ചെണ്ണ, പാം ഓയിൽ, സൺഫ്ലവർ ഓയിൽ പോലുള്ള എണ്ണയ്ക്ക് ഒരുതരത്തിലുള്ള ഭീഷണിയും അല്ല. വെളിച്ചെണ്ണയെ നശിപ്പിച്ചിട്ട് ആർക്കും പ്രത്യേകിച്ച് ഒരു നേട്ടവും ഇല്ല. പിന്നെ അന്താരാഷ്ട്ര ശാസ്ത്ര മാഫിയ എന്നൊന്നില്ല. ഇരുപതു വർഷമായി ഇന്ത്യയിലും, അമേരിക്കയിലും, യൂറോപ്പിലും ഒക്കെ ഗവേഷകൻ ആയി ജോലി ചെയ്തിട്ടുണ്ട്. ഒരിക്കൽ പോലും, ശാസ്ത്ര മാഫിയ എന്നൊരു സംഗതി കണ്ടിട്ടില്ല. അങ്ങിനെയൊന്നില്ല.

വെളിച്ചെണ്ണയിൽ വറുക്കുകയോ, പൊരിക്കുകയോ ചെയ്യരുത് എന്ന് പറയാൻ കാരണം എന്താണ്?
വെളിച്ചെണ്ണയുടെ Smoke point 175 °C ആണ്. Smoke point എന്നാൽ ഫാറ്റി ആസിഡുകൾ ഇവ വിഘടിച്ചു മറ്റുള്ള അപകടകാരികൾ (PAHs-Polycyclic aromatic hydrocarbons ) ആയ സംയുക്തങ്ങൾ അല്ലെങ്കിൽ പുക ആകാൻ തുടങ്ങുന്ന താപനിലയാണ് Smoke point. 175 °C എന്നാൽ മറ്റുള്ള എണ്ണകളെ അപേക്ഷിച്ചു വളരെ താണ താപനിലയാണ്.

ഉദാഹരണത്തിന് സൺഫ്ലവർ എണ്ണയിൽ ഇത് 230 °C ആണ്. ഒരു എണ്ണയും തുടർച്ചയായി അടുപ്പിൽ വച്ചു deep fry ചെയ്യുന്നത് ഉത്തമം അല്ല, പ്രത്യേകിച്ച് Smoke point കുറഞ്ഞ വെളിച്ചെണ്ണ പോലുള്ള എണ്ണകൾ.
ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ (Genotoxic and carcinogenic risks associated with the dietary consumption of repeatedly heated coconut oil. Br J Nutr. 2010 Nov;104(9):1343-52. doi: 10.1017/S0007114510002229. Epub 2010 Aug 6) പറയുന്നത് ഇങ്ങനെയാണ്, ‘dietary consumption of repeatedly heated coconut oil exhibits the possible risk of carcinogenicity and genotoxicity’.
അതായത് പല പ്രാവശ്യം ഒരേ വെളിച്ചെണ്ണയിൽ പാകചെയ്ത ആഹാരം വിഷമയമായതും, കാൻസറിനു കാരണമായതും ആണ്.

[ഈ പഠനം നടത്തിയത് ഇന്ത്യയിൽ ആണ് Proteomics Laboratory, Indian Institute of Toxicology Research (CSIR), Mahatma Lucknow ൽ (Srivastava S, Singh M, George J, et al. Genotoxic and carcinogenic risks associated with the dietary consumption of repeatedly heated coconut oil. Br J Nutr. 2010;104:1343–1352.)].
എന്നു വച്ച് വല്ലപ്പോളും മുട്ടപൊരിക്കാനും, മെഴുക്കുപുരട്ടി വായിക്കുവാനും ഒക്കെ കുറച്ച് നിയന്ത്രിതായി വെളിച്ചെണ്ണ ഉപയോഗിക്കുന്നതിൽ തെറ്റുമില്ല.
തിള എണ്ണയിൽ ഇട്ടുള്ള ഉപ്പേരി, ഉണ്ണിയപ്പം അച്ചപ്പം, തുടങ്ങിയവ ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണ ഉപയോഗിക്കാതെ ശ്രദ്ധിക്കണം.

American Heart Association ഈ അടുത്ത കാലത്തു നടത്തിയ ഒരു പഠനം പത്രത്തിൽ വായിച്ചിരുന്നല്ലോ? എന്താണ് അവർ പറയുന്നത്?
2017 ജൂണിൽ പ്രസിദ്ധീകരിച്ച ‘Dietary fats and cardiovascular disease: a presidential advisory from the American Heart Association. Sacks’, (Reference F. M., Lichtenstein, A. H., Wu, J. H., Appel, L. J., Creager, M. A., Kris-Etherton, P. M., … & Stone, N. J. (2017). Circulation, 136(3), e1-e23) പഠനത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്.

“ഈ അടുത്ത കാലത്തു നടത്തിയ പല ക്ലിനിക്കൽ പഠനങ്ങളിലും, വെളിച്ചെണ്ണ രക്തത്തിലെ LDL കൊളെസ്റ്ററോൾ കൂട്ടുന്നതായി കണ്ടു. അതിനാൽ, ഹൃദ്രോഗത്തിനു കാരണമായേക്കാവുന്ന വെളിച്ചെണ്ണ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.” എന്നാണ്.
ഈ പഠനത്തിനു നേതൃത്വം നൽകിയ Dr. Frank Sacks, പറഞ്ഞത് “Saturated fat increases LDL – bad cholesterol – which is a major cause of artery-clogging plaque and cardiovascular disease.”
ചുരുക്കി, മനസ്സിലാകുന്ന രീതിയിൽ പറയൂ.

വെളിച്ചെണ്ണയിൽ 80 ശതമാനത്തിൽ കൂടുതൽ പൂരിത കൊഴുപ്പ് (saturated fat) ആണ്.
എന്നിരുന്നാലും, വെളിച്ചെണ്ണ പൂരിതം എങ്കിലും ചെറുതും, മദ്ധ്യമം ആയതുമായ ഫാറ്റി ആസിഡുകൾ കൊണ്ടാണ് നിർമ്മിതം ആയിരിക്കുന്നത്.

ചില പഠനങ്ങൾ പറയുന്നത്, ചെറിയ അല്ലെങ്കിൽ മദ്ധ്യമ പൂരിത ഫാറ്റി ആസിഡുകൾ (ഉദാഹരണത്തിന് 12-കാർബൺ അറ്റങ്ങൾ ഉള്ള ലോറിക്ക് ആസിഡ് (Lauric acid) ) ദഹിപ്പിക്കാൻ സാധാരണ വലിയ ഫാറ്റി ആസിഡുകളെ അപേക്ഷിച്ചു എളുപ്പമാണ്. അതായത് ഇവയെ പെട്ടെന്ന് ശരീരം ഓക്സീകരിച്ചു (oxidize) ഊർജ്ജം ആക്കി മാറ്റും എന്നാണ്.

പക്ഷെ വെളിച്ചെണ്ണയിൽ നല്ലൊരു ശതമാനം (20 %മുതൽ 30 %) വരെ വലിയ കാർബണിക ശൃംഖല ഉള്ള ഫാറ്റി ആസിഡുകളുടെ (ഉദാഹരണത്തിന് പതിനാറു കാർബൺ ആറ്റങ്ങൾ ഉള്ള Palmitic acid ഉം, പതിനാലു കാർബൺ ആറ്റങ്ങൾ Myristic aci) കൂട്ടം ആണ്.
കൂടാതെ, അമേരിക്കൻ ജേർണൽ ഓഫ് ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ലോറിക്ക് ആസിഡ് (lauric acid), രക്തത്തിലുള്ള high-density lipoprotein (HDL) കൊളസ്റ്ററോളും and low-density lipoprotein (LDL) കൊളസ്റ്ററോളും ഒരേപോലെ കൂട്ടും എന്ന് പറഞ്ഞിട്ടുണ്ട്.

അതിനാൽ വെളിച്ചെണ്ണയിൽ ധാരാളം പൂരിത കൊഴുപ്പുകൾ ഉള്ള ഒരു എണ്ണ തന്നെയാണ് എന്ന് ഉപസംഹരിക്കാൻ പറ്റും.

തന്നെയുമല്ല, വെളിച്ചെണ്ണയുടെ ഉപയോഗം പൂർണ്ണമായി നിർത്തലാക്കുകയോ അല്ലെങ്കിൽ വളരെ നിയന്ത്രിതമായി ഉപയോഗിക്കുകയോ ചെയ്യണം എന്ന് United States Food and Drug Administration, American Heart Association, British National Health Service, British Nutrition Foundation എന്നിവരെല്ലാം നിഷ്കര്ഷിക്കുന്നുണ്ട്.
2017 ജൂണിൽ American Heart Association പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് വെളിച്ചെണ്ണ രക്തത്തിലെ LDL കൊളെസ്റ്ററോൾ കൂട്ടുന്നുവെന്നും, അതിനാൽ ഹൃദ്രോഗത്തിനു കാരണമായേക്കാവുന്ന വെളിച്ചെണ്ണ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്നുമാണ്.

അതു കൊണ്ട് വെളിച്ചെണ്ണ നിയന്ത്രിതമായി ഉപയോഗിക്കുക, ഡീപ് ഫ്രൈ ചെയ്യാൻ ഒരിക്കലും വെളിച്ചെണ്ണ ഉപയോഗിക്കാതെ ഇരിക്കുക എന്നിവ ശ്രദ്ധിക്കുക.
എഴുതിയത്: സുരേഷ് സി. പിള്ള, പാഠം ഒന്ന്, പുസ്തകത്തിലെ ഒരു ലേഖനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button