
ഏതാണ്ട് അരനൂറ്റാണ്ടിനിടയിലെ ആദ്യത്തെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകം ലാൻഡിംഗിന് മുമ്പുള്ള ശ്രമങ്ങൾക്കിടെ ചന്ദ്രോപരിതലത്തിൽ തകർന്നതിന്റെ നിരാശയിലാണ് റഷ്യ. റഷ്യയുടെ ചാന്ദ്ര പ്രതീക്ഷകൾ തകർന്ന് മണിക്കൂറുകൾക്കിടെ ദൗത്യത്തിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരിൽ ഒരാൾ ആശുപത്രിയിൽ. നിരവധി ഭൗതികശാസ്ത്രജ്ഞരും ജ്യോതിശാസ്ത്രജ്ഞരുമാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്. കുഴഞ്ഞുവീണ ശാസ്ത്രജ്ഞനെ മോസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
90 കാരനായ മിഖായേൽ മറോവിനെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദൗത്യം പരാജയപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ലൂണ 25 തകർന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് വാർത്താ ചാനലായ ആർബിസി റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്രജ്ഞൻ സോവിയറ്റ് യൂണിയനുവേണ്ടി മുൻ ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ലൂണ -25 ദൗത്യത്തെ തന്റെ ജീവിതത്തിന്റെ പര്യവസാനമായിരിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
അതേസമയം, 47 വർഷത്തിനുശേഷം റഷ്യ വിട്ട ചാന്ദ്രദൗത്യമാണു കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഇറങ്ങുന്നതിനിടെ ദൗത്യത്തിന്റെ നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങുകയായിരുന്നു. ചന്ദ്രയാൻ 3നു മുൻപ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്നു കരുതിയതായിരുന്നു ലൂണ. ഈ സംഭവത്തിനു മണിക്കൂറുകൾക്കകം ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.
Post Your Comments