മലപ്പുറം: ഈ മാസം പതിനൊന്നാം തീയതിയാണ് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കാണാതായത്. തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ അക്കരപ്പുറം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നശേഷം ആഹ്‌ളാദപ്രകടനം നടക്കുമ്പോൾ സുജിത ഉണ്ടായിരുന്നു. ഉച്ചയ്ക്ക് തലവേദനയെന്ന് പറഞ്ഞാണ് കൃഷിഭവനിൽനിന്ന് ഇറങ്ങിയത്. കുടുംബാരോഗ്യ കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് കൃഷിഭവനിൽ നിന്നും ഇറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമുണ്ടായിരുന്നില്ല.
സുജിതയെ കാണാതായ വിവരം ഫെയ്സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് പ്രാദേശിക കോൺഗ്രസ് നേതാവായ വിഷ്ണു തന്നെയായിരുന്നു അന്വേഷണത്തിന് മുന്നിൽ നിന്നതും. എന്നാൽ, പൊലീസിന് തോന്നിയ ചില സംശയങ്ങളുടെ പേരിൽ ഇയാളെ ചോദ്യം ചെയ്യാൻ വിളിച്ചതോടെയാണ് അരുംകൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താത്കാലിക ജീവനക്കാരിയുമാണ് സുജിത. പ്രാദേശിക കോൺഗ്രസ് നേതാവായ വിഷ്ണു പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനും. പഞ്ചായത്ത് പരിസരത്തുവച്ച് സുജിതയുടെ ഫോൺ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. സുജിത അവസാനമായി ഫോണിൽ വിളിച്ചത് വിഷ്ണുവിനെയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സംശയം തോന്നിയാണ് വിഷ്ണുവിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നെന്നാണ് വിവരം.
സുജിതയും അറസ്റ്റിലായ വിഷ്ണുവും ഒരേ പഞ്ചായത്തിൽ ജോലിചെയ്തിരുന്നു, നാട്ടുകാരുമാണ്. ആ പരിചയം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അതേസമയം, കസ്റ്റഡിയിൽ ഉള്ളവർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി അറിവില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സുജിതയെ കാണാതാവുന്നതിന് മുൻപ് തന്നെ വിഷ്ണു തുവ്വൂർ പഞ്ചായത്തിലെ താത്കാലിക ജോലി രാജിവച്ചിരുന്നു. ഐഎസ്ആർഒയിൽ ജോലി കിട്ടിയെന്നായിരുന്നു നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.
വീട്ടിൽ വച്ച് സുജിതയെ ശ്വാസം മുട്ടിച്ചുകൊന്നതായി വിഷ്ണു പൊലീസിൽ മൊഴി നൽകി. 11ന് രാവിലെയായിരുന്നു കൊലപാതകം നടത്തിയതെന്നും ഇയാളുടെ മൊഴിയിലുണ്ട്. മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കി. പിന്നീട് സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെ കുഴിച്ചിട്ടുവെന്നാണ് വിവരം.
റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പകൽവീടിനു തൊട്ടടുത്തായാണ് വിഷ്ണുവിന്റെ വീട്. മാലിന്യ ടാങ്ക് തുറന്ന് അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളിൽ കോൺക്രീറ്റ് മെറ്റൽ വിതറി കോഴിക്കൂട് സ്ഥാപിച്ച നിലയിലാണുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ മാലിന്യ ടാങ്കിന് സമീപം കുഴിയെടുത്തത് ആരുടേയും ശ്രദ്ധയിൽപ്പെടില്ല. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിനു പുറമെ പിതാവ് കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരൻമാരായ വൈശാഖ്, ജിത്തു, ഇവരുടെ സുഹൃത്ത് ഷിഫാൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments