Latest NewsIndiaNewsInternational

ബ്രിക്സ് ഉച്ചകോടി: ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്

ജൊഹാനസ്ബർഗ്: 15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. വിമാനത്താവളത്തിൽ മോദിക്ക് ആചാരപരമായ വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്‌സ്‌ കൂട്ടായ്‌‌മയുടെ പതിനഞ്ചാമത്‌ ഉച്ചകോടിയാണ് ദക്ഷിണാഫ്രിക്കയിൽ നടക്കുക.

ഭാവി സഹകരണത്തിനായുള്ള മേഖലകൾ കണ്ടെത്തുന്നതിന്‌ അംഗരാജ്യങ്ങൾക്ക് ഉപയോഗപ്രദമായ അവസരം ഉച്ചകോടി ഒരുക്കുമെന്ന്‌ ദക്ഷിണാഫ്രിക്കയിലേക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പായി മോദി പ്രസ്‌താവിച്ചു. വിവിധ മേഖലകളിൽ ശക്തമായ സഹകരണത്തിനുള്ള അജണ്ടയാണ്‌ ബ്രിക്‌സ്‌ മുന്നോക്കുവെയ്‌ക്കുന്നത്‌. അടിയന്തര വികസനവിഷയങ്ങളുടെ ബഹുരാഷ്ട്ര സംവിധാനത്തിലെ പരിഷ്‌ക്കാരങ്ങളും അടക്കം തെക്കൻ രാജ്യങ്ങൾക്കെല്ലാം താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ചയ്‌ക്കെടുക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വേദിയായാണ്‌ ബ്രിക്‌സിനെ നോക്കികാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ദക്ഷിണാഫ്രിക്കയിൽ വെച്ച് അദ്ദേഹം ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് പരുപാടിയിൽ പങ്കെടുക്കും. മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ്. ആ ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. അവസാന ഡീബൂസ്റ്റിങ് പ്രക്രിയ കൂടി വിജയകരമാക്കി പൂര്‍ത്തിയാക്കിയതോടെ ഇനിയുള്ളത് അതിസങ്കീര്‍ണമായ ഇറങ്ങല്‍ ഘട്ടമാണ്.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ബുധനാഴ്ച വൈകുന്നേരം 6:04 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പ്രജ്ഞാന്‍ റോവര്‍ വഹിച്ചുകൊണ്ടുള്ള വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയയിലൂടെയാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ദൗത്യം വിജയമായാല്‍ ചന്ദ്രനില്‍ വിജയകരമായി പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button