മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ്. ആ ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. അവസാന ഡീബൂസ്റ്റിങ് പ്രക്രിയ കൂടി വിജയകരമാക്കി പൂര്‍ത്തിയാക്കിയതോടെ ഇനിയുള്ളത് അതിസങ്കീര്‍ണമായ ഇറങ്ങല്‍ ഘട്ടമാണ്. ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് പരുപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് അദ്ദേഹം പരുപാടിയിൽ പങ്കെടുക്കുക. 15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിലാണ് അദ്ദേഹം.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ബുധനാഴ്ച വൈകുന്നേരം 6:04 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പ്രജ്ഞാന്‍ റോവര്‍ വഹിച്ചുകൊണ്ടുള്ള വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയയിലൂടെയാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ജൂലായ് 14 ന് ബാഹുബലി റോക്കറ്റ് എന്നറിയപ്പെടുന്ന ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 യിലാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്.
ഓഗസ്റ്റ് അഞ്ചിനാണ് ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. അവിടെ ദിവസങ്ങള്‍ ചിലവിട്ട പേടകം ഘട്ടംഘട്ടമായി ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രനോട് അടുത്തു. ഓഗസ്റ്റ് 17 നാണ് പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടത്. ദൗത്യം വിജയമായാല്‍ ചന്ദ്രനില്‍ വിജയകരമായി പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
Post Your Comments