തിരുവനന്തപുരം: കേന്ദ്രവിദേശകാര്യ മന്ത്രാലയ പ്രതിനിധി സംഘം നോർക്ക റൂട്ട്‌സ് ആസ്ഥാനമായ തിരുവനന്തപുരം നോർക്ക സെന്റർ സന്ദർശിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, തൊഴിൽ നൈപുണ്യവികസനം, പരിശീലനം, സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം സംബന്ധിച്ച കാര്യങ്ങൾ എന്നിവ ചർച്ചചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. കോൺസുലർ, പാസ്പോർട്ട് & വിസ, പ്രവാസികാര്യ വിഭാഗം (CPV & OIA) സെക്രട്ടറി ഔസാഫ് സയീദിന്റെ നേതൃത്വത്തിലെത്തിയ സംഘം നോർക്ക റൂട്ട്‌സ് സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് നോർക്ക വകുപ്പ് പ്രനിസിപ്പൽ സെക്രട്ടറി സുമൻ ബില്ലയുമായും സംഘം ചർച്ച നടത്തി.
Read Also: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പരിശോധനയിൽ ലഹരി വസ്തുക്കള് പിടിച്ചെടുത്തു
നോർക്ക റൂട്ട്‌സ് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന വിവിധ പ്രവാസിക്ഷേമ, പുനരധിവാസ പദ്ധതികൾ, ഇടപെടലുകൾ, സുരക്ഷിതമായ വിദേശ തൊഴിൽ കുടിയേറ്റത്തിനായി സ്വീകരിച്ചുവരുന്ന നടപടികൾ, വിവിധ വിദേശ രാജ്യങ്ങളിലേയ്ക്കുളള റിക്രൂട്ട്‌മെന്റുകൾ, നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്, വിവിധ തൊഴിൽ നൈപുണ്യ പരിശീലന പരിപാടികൾ വിദേശത്തുനിന്നും നാട്ടിൽ തിരികെയെത്തുന്നവർക്ക് സംസ്ഥാനത്തുതന്നെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി, വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവർക്കുളള ശുഭയാത്രാ പദ്ധതി എന്നിവ ഹരികൃഷ്ണൻ നമ്പൂതിരി സംഘത്തോട് വിശദീകരിച്ചു.
വിദേശരാജ്യത്ത് വീട്ടുജോലികൾക്കുൾപ്പെടെ പോകുന്നവരുടെ (എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുളളവ) സുരക്ഷ ഉറപ്പാക്കാനുളള നടപടികൾ സംബന്ധിച്ച നിർദ്ദേശങ്ങളും ചർച്ച ചെയ്തു. പാസ്പോർട്ട് സേവാ പ്രോഗ്രാം (PSP) & സെൻട്രൽ പാസ്പോർട്ട് ഓർഗനൈസേഷൻ (PSP &CPO) ജോയിന്റ് സെക്രട്ടറി ടി ആംസ്‌ട്രോങ് ചാങ്സെൻ, പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്‌സ് ജോയിന്റ് സെക്രട്ടറി (OE&PGE) ബ്രഹ്മ കുമാർ, റീജിയണൽ പാസ്പോർട്ട് ഓഫീസർ ജീവ മരിയാ ജോയ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്-തിരുവനന്തപുരം മേധാവി ശ്യാംചന്ദ് സി, നോർക്ക റൂട്ടസ് റിക്രൂട്ട്‌മെന്റ് മാനേജർ ശ്യാം ടി കെ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്-തിരുവനന്തപുരം ഓഫീസും സംഘം സന്ദർശിച്ചു.
Post Your Comments