Latest NewsKeralaNews

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആരോഗ്യരംഗം ശക്തിപ്പെടുത്തും: എംഎം മണി

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജില്ലയിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുമെന്ന് എംഎം മണി എംഎൽഎ. അതിനുവേണ്ട കൃത്യമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുണ്ടിയെരുമയിൽ പ്രവർത്തിക്കുന്ന കല്ലാർ പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ പി കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ നിർമ്മാണം കാലതാമസം കൂടാതെ എത്രയും വേഗം പൂർത്തീകരിക്കണമെന്നും അദ്ദേഹം അധികൃതരോട് നിർദേശിച്ചു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Read Also: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു: ഒളിവിൽ പോയ ഭർത്താവിനായി തെരച്ചിൽ ആരംഭിച്ച് പോലീസ്

ആരോഗ്യവകുപ്പും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി ഒരു കോടി പത്ത് ലക്ഷം രൂപ മുതൽമുടക്കിലാണ് കെട്ടിടം നിർമ്മിക്കുന്നത്. സർക്കാർ ഏജൻസിയായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് ആണ് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. 1956 ൽ മുണ്ടിയെരുമ ആസ്ഥാനമാക്കിയാണ് കല്ലാർ പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ആദ്യകാല കുടിയേറ്റ കർഷകരുടെയും പ്രദേശവാസികളുടെയും ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. 1972 ൽ പൊതുജനങ്ങളുടെ പരിശ്രമത്തിൽ നിർമ്മിച്ച കെട്ടിടം നിർമ്മിച്ചു. 2021 ഫെബ്രുവരിയിൽ കല്ലാർ പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. ദിനംപ്രതി 250 ഓളം പേർക്കാണ് ഇവിടെ നിന്നും സേവനം ലഭിക്കുന്നത്. 2022 ൽ ജില്ലയിലെ മികച്ച ആശുപത്രിക്കുള്ള കായകൽപ് അവാർഡ് കരസ്ഥമാക്കിയ ഈ സ്ഥാപനത്തിന്റെ ഗുണനിലവാരം ദേശീയതലത്തിലേക്ക് ഉയർത്തുന്നതിനും കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നതിനുമായാണ് പുതിയ ഒ പി കെട്ടിടം നിർമ്മിക്കുന്നത്.

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി കുഞ്ഞ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ, പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മുകേഷ് മോഹനൻ, പാമ്പാടുംപാറ പഞ്ചായത്ത് അംഗങ്ങളായ സി വി ആനന്ദ്, ഷിനി സന്തോഷ്, വിജിമോൾ വിജയൻ, ഉഷ മണിരാജ്, പി റ്റി ഷിഹാബ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ റ്റി എം ജോൺ, വി സി അനിൽ, കെ ജി ഓമനക്കുട്ടൻ, ചാക്കോച്ചൻ മുക്കാല, സനൽ കുമാർ മംഗലശ്ശേരിയിൽ, മുരളീധരൻ, മുണ്ടിയെരുമ മെർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബിജു, കെ പി കോളനി എഫ് എച് സി മെഡിക്കൽ ഓഫീസർ വിഷ്ണു മോഹനൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശ വർക്കർമാർ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read Also: കെഎസ്ആര്‍ടിസിയില്‍ വാഗമണ്‍-മൂന്നാര്‍-ഗവി ടൂര്‍ പാക്കേജുകള്‍: വിശദാംശങ്ങള്‍ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button