ഏകദേശം 50 വർഷത്തിനിടെയുള്ള ആദ്യത്തെ റഷ്യൻ ചാന്ദ്ര ലാൻഡറായ ലൂണ -25 ന് തിരിച്ചടി. ചന്ദ്രന്റെ ലാൻഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കാൻ ലൂണയ്ക്ക് കഴിഞ്ഞില്ല. റോബോട്ടിക് ബഹിരാകാശ പേടകം ശനിയാഴ്ച ഭ്രമണപഥത്തിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ, സാങ്കേതിക തകാരാർ മൂലം ലൂണയ്ക്ക് അതിന് കഴിഞ്ഞില്ല. ചന്ദ്രയാൻ 3ന് മുമ്പ് ഇറങ്ങാനുള്ള ദൗത്യം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. അടിയന്തര സാഹചര്യം കാരണം തന്ത്രം വിജയിച്ചില്ലെന്ന് റഷ്യൻ ബഹിരാകാശ കോർപ്പറേഷൻ റോസ്‌കോസ്‌മോസിന്റെ പ്രസ്താവനയിൽ പറയുന്നു.
സാങ്കേതിക തകരാർ എന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലാൻഡിംഗിന്റെ ആസൂത്രിത കോഴ്സ് വൈകുന്നതോടെ, ദൗത്യം ‘പരാജയം” എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എഞ്ചിനിലെ പ്രശ്‌നമാണ് കാരണമായതെന്നാണ് റിപ്പോർട്ട്. ഉക്രെയ്‌നുമായുള്ള യുദ്ധത്തോടെ, പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം പരിമിതമായതിനാൽ റഷ്യ ബഹിരാകാശ പദ്ധതിക്ക് കനത്ത തിരിച്ചടി നേരിട്ടു.
ഏകദേശം അരനൂറ്റാണ്ടിനിടയിലാണ് റഷ്യ ചന്ദ്രനെ ‘തൊടാൻ’ ഒരുങ്ങിയത്. അത് അവസാന നിമിഷം ഇത്തരമൊരു പ്രശ്നം ഉണ്ടാക്കുമെന്ന് വിദഗ്ധർ കരുതിയില്ല. റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്പെഷ്യലിസ്റ്റുകൾ സ്ഥിതിഗതികൾ വിശകലനം ചെയ്യുകയാണ്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നാണ് വിശദീകരണം.
നിലവിലെ സാഹചര്യത്തിൽ മുൻനിശ്ചയിച്ചത് പോലെ ആഗസ്റ്റ് 21ന് സോഫ്റ്റ് ലാൻഡിങ്ങ് നടത്താൻ പറ്റില്ല. ആഗസ്റ്റ് 10ന് വിക്ഷേപിച്ച പേടകം ആഗസ്റ്റ് 16നാണ് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പേടകവുമായി ബന്ധം നഷ്ടമായെന്നും റിപ്പോർട്ടുകളുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവം യുഎസും ചൈനയും ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രാ രാജ്യങ്ങൾക്കിടയിൽ വളരെ കൊതിപ്പിക്കുന്ന ലക്ഷ്യങ്ങളിൽ ഒന്നാണ്. 1976 ന് ശേഷം ചന്ദ്രനിൽ ഇറങ്ങാനുള്ള റഷ്യയുടെ ആദ്യ ശ്രമമാണ് ലൂണ-25. റഷ്യയുടെ കിഴക്കൻ അമുർ മേഖലയിലെ വോസ്റ്റോക്നി കോസ്‌മോഡ്രോമിൽ നിന്ന് പ്രാദേശിക സമയം ഓഗസ്റ്റ് 11 ന്നാണ് ബഹിരാകാശ പേടകം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടത്.
ചന്ദ്രന്റെ സീമാൻ ഗർത്തത്തിന്റെ ചിത്രങ്ങൾ ലൂണ ഇതിനകം അയച്ചിട്ടുണ്ട്. തിങ്കളാഴ്ച ലാൻഡിംഗ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. അമേരിക്കയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ചാന്ദ്ര സാന്നിധ്യം സ്ഥാപിക്കാനുള്ള തിരക്കിനിടയിലാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനുള്ള റഷ്യയുടെ ശ്രമം. റഷ്യയുടെ ലാൻഡറിന് 1.6 മീറ്റർ നീളമുള്ള (ഏകദേശം 5-അടി-3-ഇഞ്ച്) റോബോട്ടിക് കൈയുണ്ട്, പാറകളും മണ്ണും പൊടിയും ശേഖരിക്കാൻ ഒരു സ്കൂപ്പ് ഉണ്ട്. നാസയും മറ്റ് ഏജൻസികളും തണുത്തുറഞ്ഞ ജലത്തിന്റെ അംശം കണ്ടെത്തിയ ദക്ഷിണധ്രുവത്തിന്റെ ഘടന പഠിക്കാനുള്ള ഒരു ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ ഒരു വർഷം പ്രവർത്തിക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു ലൂണയുടെ യാത്ര.
അതേസമയം, ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിൽ എത്തി. ഇനി സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. ആഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ തുടങ്ങുക.
Post Your Comments