ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സൗഹൃദ പാതയെന്ന ബഹുമതി ഇനി മൈത്രി സേതു പാലത്തിന് സ്വന്തം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ദൃഢമാക്കുന്ന മൈത്രി സേതു പാലം സെപ്റ്റംബറിലാണ് പൊതുജനങ്ങൾക്കായി തുറന്നു നൽകുക. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ തുടർന്നുവരുന്ന സൗഹൃദ ബന്ധത്തിന്റെയും, ഉഭയകക്ഷി ബന്ധത്തിന്റെയും പ്രതീകമായാണ് പാലത്തിന് മൈത്രി സേതു എന്ന പേര് നൽകിയിട്ടുള്ളത്. പൊതുഗതാഗതത്തിനായി പാലം തുറക്കുന്നതോടെ തെക്കുകിഴക്കൻ ഏഷ്യയുടെ ‘വടക്കുകിഴക്കിന്റെ ഗേറ്റ് വേ’ ആയി ത്രിപുര മാറുന്നതാണ്.
ത്രിപുര-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഒഴുകുന്ന ഫൈനി നദിയിലാണ് മൈത്രി സേതു പാലം നിർമ്മിച്ചിട്ടുള്ളത്. 133 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലത്തിന്റെ നീളം 1.9 കിലോമീറ്ററാണ്. ഇന്ത്യയിലെ സബ്രൂമിനെയും, ബംഗ്ലാദേശിലെ രാംഗഡിനെയുമാണ് പാലം ബന്ധിപ്പിക്കുന്നത്. നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു പാലത്തിന്റെ നിർമ്മാണ ചുമതല.
Also Read: പീഡനത്തിനു ഇരയായ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി
പാലത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ സബ്രൂമിൽ നിന്ന് ബംഗ്ലാദേശിലെ ചിറ്റാഗോംഗ് തുറമുഖത്തേക്കുള്ള ദൂരം വെറും 80 കിലോമീറ്റർ മാത്രമായി ചുരുങ്ങുന്നതാണ്. 2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പാലത്തിന്റെ സംയുക്ത ഉദ്ഘാടനം നിർവഹിച്ചിരുന്നു. എന്നാൽ, ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിൽ താമസം നേരിട്ടതോടെ പാലം പൊതുഗതാഗതത്തിനായി തുറക്കാൻ വൈകുകയായിരുന്നു.
Post Your Comments