പാസ്പോർട്ട് സേവനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. നിലവിൽ, പാസ്പോർട്ട് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആറോളം വ്യാജ വെബ്സൈറ്റുകളുടെ ലിസ്റ്റാണ് കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്. വ്യാജ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ മുഖാന്തരമാണ് തട്ടിപ്പുകാർ വല വിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ രീതിയിലെന്ന് തോന്നിപ്പിക്കുന്ന പ്രവർത്തനമാണെങ്കിലും, ഉപഭോക്താക്കളെ ചതിക്കുഴിയിലേക്കാണ് ഇത്തരം വെബ്സൈറ്റുകൾ നയിക്കുന്നത്.
സാമ്പത്തികമായ ചൂഷണത്തിന് പുറമേ, വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുക്കാനും ഇത്തരം വ്യാജ വെബ്സൈറ്റുകൾ ശ്രമിക്കുന്നുണ്ട്. ഓൺലൈനിലൂടെ അപേക്ഷാ ഫോമുകൾ പൂരിപ്പിച്ചാണ് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നത്. പാസ്പോർട്ട് അനുബന്ധ വെരിഫിക്കേഷന് വേണ്ടിയെന്ന വ്യാജേനയാണ് ഉപഭോക്താക്കളിൽ നിന്നും സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുന്നത്. അപേക്ഷാ ഫോമുകളിൽ വിവരങ്ങൾ രേഖപ്പെടുത്തിയാൽ നിശ്ചിത ഫീസ് അടക്കണമെന്ന സന്ദേശവും ഉപഭോക്താക്കളിലേക്ക് എത്തും. ഇത്തരത്തിലാണ് സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നത്.
രാജ്യത്ത് പാസ്പോർട്ടിന് അപേക്ഷ നൽകാൻ ഒരു ഔദ്യോഗിക വെബ്സൈറ്റ് മാത്രമാണ് ഉള്ളത്. www.passportindia.gov.in എന്ന വെബ്സൈറ്റ് മാത്രമാണ് സർക്കാറിന്റേത്. ഇന്ത്യൻ പൗരന്മാർക്ക് ഈ വെബ്സൈറ്റിലൂടെ പാസ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ രീതിയിലാണ് വ്യാജ വെബ്സൈറ്റും പ്രവർത്തിക്കുന്നത്. ഒറ്റനോട്ടത്തിൽ സമാനമാണെങ്കിലും ചില വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുണ്ട്. സർക്കാർ പുറത്തുവിട്ട ആറ് വ്യാജ വെബ്സൈറ്റുകൾ ഏതൊക്കെയെന്ന് അറിയാം.
- www.indiapassport.org
- www.online-passport.com
- www.passportindiaportal.in
- www.passport-india.in
- www.passport-seva.in
- www.applypassport.org
Post Your Comments