ക്യാന്‍സര്‍ പല തരത്തിലുമുണ്ടെന്ന് നമുക്കറിയാം. ബാധിക്കുന്ന അവയവങ്ങള്‍ക്ക് അനുസരിച്ചാണ് ക്യാന്‍സര്‍ രോഗത്തില്‍ മാറ്റങ്ങളുണ്ടാകുന്നത്. രോഗതീവ്രത, അപകടഭീഷണി, ചികിത്സ, രോഗമുക്തി എന്നിവയെല്ലാം തന്നെ ഏതുതരം ക്യാന്‍സറാണ് ഏത് അവയവത്തെയാണ് ബാധിച്ചിരിക്കുന്നത് എന്നതിന് അനുസരിച്ചിരിക്കും.
ക്യാന്‍സര്‍ രോഗം പിടിപെടുന്നത് തടയാന്‍ നമുക്ക് മുമ്പില്‍ ഒരുപാട് മാര്‍ഗങ്ങളൊന്നുമില്ല. എങ്കിലും ആരോഗ്യകരമായ ജീവിതരീതികള്‍ എപ്പോഴും ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ നമ്മെ തീര്‍ച്ചയായും സഹായിക്കും.
ഇത്തരത്തില്‍ ഒമ്പത് തരം ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ നമുക്ക് ചെയ്യാവുന്നൊരു കാര്യത്തെ കുറിച്ച് സൂചിപ്പിക്കുകയാണ് പുതിയൊരു പഠനം. പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍’ല്‍ ആണ് പഠനറിപ്പോര്‍ട്ട് വന്നിട്ടുള്ളത്.
നമ്മള്‍ ദിവസേന ചെയ്യുന്ന വ്യായാമത്തിലൂടെയോ കായികാധ്വാനത്തിലൂടെയോ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം ഉറപ്പിക്കാന്‍ സാധിച്ചാല്‍ ഒമ്പതിനം ക്യാന്‍സറുകള്‍ക്കുള്ള സാധ്യത കുറയ്ക്കാമെന്നാണ് പഠനം വിശദമാക്കിയിരിക്കുന്നത്.
‘ഹെഡ് ആന്റ് നെക്ക്’ ക്യാന്‍സര്‍, വയറിനെ ബാധിക്കുന്ന ക്യാന്‍സര്‍, പാന്‍ക്രിയാസ് ക്യാന്‍സര്‍, കരളിനെ ബാധിക്കുന്ന ക്യാന്‍സര്‍, മലാശയത്തെ ബാധിക്കുന്ന ക്യാന്‍സര്‍, മലദ്വാരത്തെ ബാധിക്കുന്ന ക്യാന്‍സര്‍, അന്നനാളത്തെ ബാധിക്കുന്ന ക്യാന്‍സര്‍, വൃക്കയെ ബാധിക്കുന്ന ക്യാന്‍സര്‍, ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍ എന്നീ ക്യാന്‍സറുകളുടെ സാധ്യതയാണത്രേ ഹൃദയവും ശ്വാസകോശവും ആരോഗ്യത്തോടെയിരിക്കുമ്പോള്‍ കുറയുന്നത്.
ഫിറ്റ്‌നസ് ഉള്ളവരില്‍ മൊത്തത്തില്‍ 40 ശതമാനത്തോളം ക്യാന്‍സര്‍ സാധ്യതകള്‍ കുറയുമെന്നും പഠനം വ്യക്തമാക്കുന്നു. സൈക്ലിംഗ്, സ്വിമ്മിംഗ് (നീന്തല്‍), പടി കയറല്‍, ഓട്ടം എന്നിങ്ങനെയുള്ള വ്യായാമങ്ങളെല്ലാം ചെയ്യാന്‍ സാധിക്കുന്നുവെങ്കില്‍ തന്നെ ഫിറ്റ്‌നസുണ്ടെന്ന് അനുമാനിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
അധികവും ശ്വാസകോശത്തെ ബാധിക്കുന്നതും കരളിനെ ബാധിക്കുന്നതുമായ ക്യാന്‍സറുകളെ പ്രതിരോധിക്കാനുള്ള കഴിവാണ് ഇതോടെ ആര്‍ജ്ജിക്കുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, സ്‌കിന്‍ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയുന്നില്ലെന്നും ചില കേസുകളില്‍ ഫിറ്റ്‌നസുള്ളവരില്‍ ഇവയ്ക്ക് സാധ്യത കൂടാമെന്നും പഠനം പറയുന്നു.
Post Your Comments