കൊച്ചി: കൊച്ചിയിൽ താറാവ് വളർത്തൽ എന്ന വ്യാജേന മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് എക്‌സൈസ് പിടിയിലായി. പാലാരിവട്ടം വെണ്ണലപ്പാറ സ്വദേശി അൻസാർ (അക്കു) എന്നയാളാണ് അറസ്റ്റിലായത്. 5.5 ഗ്രാം MDMA ഇയാളിൽ നിന്നും പിടിച്ചെടുത്തു.
സാധാരണ താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാത്ത ഇയാൾ ഓൺലൈനായി പണം സ്വീകരിച്ച ശേഷം വീടിന്റെ മൂന്നാം നിലയിൽ നിന്ന് വീടിന് മുൻവശമുള്ള റോഡിൽ കാത്ത് നിൽക്കുന്ന ഇടപാടുകാർക്ക് മയക്കുമരുന്ന് അടങ്ങിയ കവർ എറിഞ്ഞ് കൊടുക്കുകയാണ് ചെയ്തിരുന്നത്. അർദ്ധരാത്രി സമയങ്ങളിൽ ആലിൻ ചുവട് വെണ്ണലപ്പാറ റോഡിൽ യുവതീ യുവാക്കൾ ന്യൂജനറേഷൻ ബൈക്കുകളിൽ സ്ഥിരമായി വന്ന് പോകുന്നത് സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു.
റിപ്പോർട്ടിനെ തുടർന്ന് ഈ ഭാഗത്ത് നിരീക്ഷണം ശക്തമാക്കിയ എക്‌സൈസ് ഷാഡോ സംഘം അൻസാറിന്റെ താമസസ്ഥലം ചുറ്റിപ്പറ്റിയാണ് യുവതീ യുവാക്കൾ വന്ന് പോകുന്നതെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ മൂന്നാം നിലയിലുള്ള മുറിയിൽ നിന്നും എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ലഹരിയിലായിരുന്ന ഇയാളെ എക്‌സൈസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഉൾപ്പെടെയുള്ള ടീം എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.
എക്‌സൈസ് ഇന്റലിജൻസിന്റെയും, സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെയും, എറണാകുളം റേഞ്ചിന്റെയും ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. പ്രതിക്ക് എംഡിഎംഎ എത്തിച്ച് നൽകിയവരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
Read Also: ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല: സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ കുത്തി യുവാവ്
Post Your Comments