മഴക്കെടുതിയിൽ തകർന്നടിഞ്ഞ ഹിമാചൽ പ്രദേശിനെ പ്രകൃതി ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മനുഷ്യജീവനും അടിസ്ഥാന സൗകര്യങ്ങൾക്കും സ്വകാര്യ സ്വത്തിനും നഷ്ടമുണ്ടായ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് പ്രകൃതി ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ 5 ദിവസത്തിനിടെ മരണസംഖ്യ 75 ആയി ഉയരുകയും, മണ്ണിടിച്ചിലിൽ റോഡ് അടക്കമുള്ള അടിസ്ഥാന ഗതാഗത സൗകര്യങ്ങൾ താറുമാറാകുകയും ചെയ്തിട്ടുണ്ട്.
ജൂൺ മുതൽ ഉണ്ടായ മൊത്തം നഷ്ടം കണക്കിലെടുക്കുമ്പോൾ ഏകദേശം പതിനായിരം കോടി രൂപ കവിയുമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 55 ദിവസത്തിനിടെ 113 ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് 2,491 കോടി രൂപയുടെയും ദേശീയപാത അതോറിറ്റിക്ക് 1,000 കോടി രൂപയുടെയും നഷ്ടം സംഭവിച്ചു. തലസ്ഥാനമായ ഷിംലിയെയാണ് ഇത്തവണ മഴക്കെടുതി കൂടുതൽ ബാധിച്ചത്.
Also Read: കാറിൽ അമിതവേഗത്തിലെത്തിയ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു
സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച്, ജൂൺ 24 മുതൽ ഇതുവരെ 217 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 11,301 വീടുകൾ തകർന്നിട്ടുണ്ട്. കൂടാതെ, മഴക്കെടുതിയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഹിമാലയൻ മേഖലയിലെ അശാസ്ത്രീയമായ നിർമ്മാണങ്ങളാണ് ഉരുൾപൊട്ടലിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ദുർബലമായ പരിസ്ഥിതിയിൽ അമിതമായ ടൂറിസം പ്രവർത്തനങ്ങൾ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്.
Post Your Comments