Latest NewsIndia

‘ജാതി വിവരങ്ങൾ നൽകിയാൽ എന്താണ് ദോഷം?‌’, ബിഹാർ ജാതി സർവേ സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

ന്യൂഡൽഹി: ബിഹാറിലെ ജാതി സർവേയിൽ വ്യക്തി വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ പോകുന്നില്ലെങ്കിൽ ജാതിയോ ഉപജാതിയോ സംബന്ധിച്ച വിവരങ്ങൾ നൽകിയാൽ എന്താണ് ദോഷമെന്ന് സുപ്രീം കോടതി. ബിഹാറിലെ ജാതി സർവേയ്ക്ക് അനുമതി നൽകിയ പട്‌ന ഹൈക്കോടതിയുടെ ഓഗസ്റ്റ് ഒന്നിലെ വിധിയെ ചോദ്യം ചെയ്തുളള ഹർജികൾ പരി​ഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധി സ്റ്റേ ചെയ്യില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജികളിൽ വാദം കേട്ടത്.

‘സർവേയ്ക്കിടെ ശേഖരിച്ച ഡാറ്റ ‘ബിഹാർ ജാതി അധാരിത് ഗണന’ ആപ്പിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന് അനുകൂലമായ ഹൈക്കോടതി വിധി ഉള്ളതിനാൽ പ്രഥമദൃഷ്ട്യാ കേസെടുക്കാതെ സ്റ്റേ ചെയ്യുന്നില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഡാറ്റ അപ്‌ലോഡ് ചെയ്തിട്ടുണ്ട്,’ ബെഞ്ച് പറഞ്ഞു.

‘ആരെങ്കിലും തന്റെ ജാതിയുടെയോ ഉപജാതിയുടെയോ പേര് നൽകിയാൽ, ആ ഡാറ്റ പ്രസിദ്ധീകരിക്കുന്നില്ലെങ്കിൽ, എന്താണ് ദോഷം. പുറത്തുവിടാൻ ശ്രമിക്കുന്നത് സഞ്ചിത കണക്കുകളാണ്. അത് സ്വകാര്യതയ്ക്കുള്ള അവകാശത്തെ എങ്ങനെ ബാധിക്കും?. അത് ജീവിക്കാനുളള അവകാശത്തിനും, വ്യക്തിസ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?,’ യൂത്ത് ഫോർ ഇക്വാലിറ്റി എന്ന എൻജിഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിഎസ് വൈദ്യനാഥനോട് ബെഞ്ച് ചോദിച്ചു.

ബിഹാറിൽ സാധാരണഗതിയിൽ ഒരു വ്യക്തിയുടെ ജാതി അയൽക്കാർക്ക് അറിയാം. എന്നാൽ ഡൽഹി പോലുള്ള നഗരങ്ങളിൽ അത്തരമൊരു സാഹചര്യം നിലവിലില്ലെന്നും വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ഖന്ന പറഞ്ഞു. വിവരശേഖരണം ഈ മാസം ആറിന് പൂർത്തിയായെന്നും ശേഖരിച്ച വിവരങ്ങൾ 12ന് അപ് ലോഡ് ചെയ്തു തുടങ്ങിയെന്നും ബിഹാർ സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ബോധിപ്പിച്ചു.

സർവേയിലൂടെ ബിഹാർ സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾക്ക് രണ്ടു തലങ്ങളുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഒന്ന് വ്യക്തിപരമാണ്. അവ പുറത്തുവരാതെ കാക്കണം. സ്വകാര്യത സംരക്ഷിക്കാനുള്ള വിധി അതിന് ബാധകമാണ്. രണ്ടാമത്തേത് സ്ഥിതിവിവരമാണ്. അത് വിലയിരുത്താനുള്ളതാണെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button