ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും മഹത്തായ ഉത്സവങ്ങളിലൊന്നാണ് ഓണം. മഹാബലിയുടെ വാർഷിക ഗൃഹപ്രവേശത്തിന്റെ സ്മരണയ്ക്കായി ലോകമെമ്പാടുമുള്ള കേരളീയർ ഇത് ആചരിക്കുന്നു. കേരളത്തിലുടനീളം ഓണം ആഘോഷിക്കപ്പെടുന്നു. ഈ അസാധാരണമായ ഉത്സവത്തിന്റെ, ഓണാഘോഷത്തിന്റെ പ്രൗഢിക്ക് സാക്ഷ്യം വഹിക്കാൻ മികച്ച ചില സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് തൃശൂർ. പുലികളിയുടെ സ്വന്തം സ്ഥലം.
ഓണത്തിന്റെ ആഘോഷ ആവേശത്തിൽ മുങ്ങാൻ തൃശൂരിലേക്ക് ഒരു യാത്ര പോയാലോ? തൃശൂരിലെ സ്വരാജ് റൗണ്ടിൽ ഒരു ഓണത്തിനെങ്കിലും എത്താനായാൽ അത് ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരിക്കും. പുലികളിക്ക് നമുക്ക് സാക്ഷ്യം വഹിക്കാനാകും. പുലിവേഷധാരികൾ താളവാദ്യത്തിന്റെ തുടിപ്പോടെ അനുകരിക്കുന്ന ചടുലമായ പുലികളി കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുൾപ്പെടെ നിരവധി ആളുകൾ ഈ അത്ഭുതകരമായ കലാരൂപം കാണാൻ ഇവിടെ എത്താറുണ്ട്.
ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃത്തം വെയ്ക്കുകയും ചെയ്യുന്നു. ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.
തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റു സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധ നിറത്തിലാണ് പുലികൾ, പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.
Post Your Comments