റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് വേർപെടുത്തിയ റിലയൻസ് ഗ്രൂപ്പിന്റെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസ് ഈ മാസം 21-ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും. ജൂലൈ 20-നാണ് റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് വിഭജിക്കപ്പെട്ടത്. ലിസ്റ്റിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ എക്സ്ചേഞ്ച് ഫയലിംഗിലൂടെ കമ്പനി അറിയിച്ചിട്ടുണ്ട്. ഓഹരികളുടെ വില നിർണയിക്കാൻ കമ്പനി ഇതിനോടകം പ്രത്യേക ട്രേഡിംഗ് സെഷൻ നടത്തിയിരുന്നു. ട്രേഡിംഗ് സെഷനിൽ 1.66 ലക്ഷം കോടി രൂപ വിപണി മൂല്യം നൽകിക്കൊണ്ട് ഓഹരിയുടെ വില 261.85 രൂപയായാണ് നിശ്ചയിച്ചത്. യോഗ്യരായ നിക്ഷേപകർക്ക് ഓഗസ്റ്റ് 10 മുതൽ തന്നെ അവരുടെ ഡീമാറ്റ് അക്കൗണ്ടിൽ ജെഎഫ്എസ്എല്ലിന്റെ ഓഹരികൾ ലഭിച്ച് തുടങ്ങിയിട്ടുണ്ട്.
ജിയോ ഫിനാൻസ് സർവീസസിന്റെ പൂർണമായ ബിസിനസ് മോഡൽ ഇപ്പോഴും വ്യക്തമല്ല. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജരായ ബ്ലാക്ക് റോക്കുമായി ചേർന്ന് 50:50 സംയുക്തം സംരംഭം വഴി ഒരു അസറ്റ് മാനേജ്മെന്റ് ബിസിനസ് ആരംഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. റിലയൻസ് ഇൻഡസ്ട്രീസിൽ ജിയോ ഫിനാൻഷ്യൽ സർവീസസിന് 6.1 ശതമാനം വരുന്ന 41.3 കോടി ഓഹരികളാണ് ഉള്ളത്. ഇതിന്റെ വിപണി മൂല്യം ഏകദേശം 1.05 ലക്ഷം കോടി രൂപയാണ്. ഓഗസ്റ്റ് 21-ന് വിപണിയിൽ ലിസ്റ്റ് ചെയ്തതിനുശേഷം മാത്രമാണ് വ്യാപാരം നടത്തുകയുള്ളൂ. വ്യാപാരം ആരംഭിക്കുന്നതോടെ കമ്പനിയുടെ ഓഹരി വില ഏത് തരത്തിൽ മാറിമറിയുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നിക്ഷേപകർ.
Also Read: വെള്ളം കുടിക്കേണ്ടത് എപ്പോഴൊക്കെ?
Post Your Comments