KeralaLatest NewsNews

പിതാവ് ഉപേക്ഷിച്ച കുട്ടിക്ക് സഹായവുമായി എത്തി, ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 3 വര്‍ഷത്തോളം: പ്രതി കുറ്റക്കാരന്‍

കാസർഗോഡ്: അച്ഛൻ ഉപേക്ഷിച്ച പെൺകുട്ടിയെ സഹായിക്കാനെന്ന വ്യജേന ഒപ്പംകൂടി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. മഞ്ചേശ്വരം കുഞ്ചത്തൂർ ഉദ്യാവറിലെ സയ്യിദ് മുഹമ്മദ് ബഷീറിനെയാണ് (41) കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്-ഒന്ന് ജഡ്ജി എ മനോജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ബന്ധുവായ പെൺകുട്ടിയെ മൂന്ന് വർഷം വിവിധ ദിവസങ്ങളിലായി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് വിധി. വിദേശത്ത് ജോലിയുണ്ടായിരുന്ന പ്രതി അവധിക്ക് നാട്ടിലെത്തിയ സമയത്താണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അച്ഛൻ ഉപേക്ഷിച്ച കുട്ടിയെ പഠിക്കാനും മറ്റും സാമ്പത്തികമായി സഹായിക്കാനെന്ന വ്യാജേന ഇയാൾ കുടുംബവുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

2013 ഡിസംബർ മുതൽ 2014 ജൂൺ വരെയും 2014 ജൂലായിലെ പല ദിവസങ്ങളിലും 2016 മാർച്ച് മുതൽ ജൂൺ വരെയുമുള്ള കാലത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. 12 വയസ്സുമുതൽ നേരിട്ട ദുരനുഭവം ആരോടും പറയാനാവാതെ പെൺകുട്ടി മാനസിക സംഘർഷമനുഭവിക്കുകയും ഇതിന് ചികിത്സ തേടുകയും ചെയ്തതോടെയാണ് സംഭവം മറ്റുള്ളവർ അറിഞ്ഞത്. തുടർന്ന് മഞ്ചേശ്വരം പോലീസിൽ പരാതിപ്പെടുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷമാണ് കുട്ടി വിഷാദരോഗത്തിന് ചികിത്സ തേടിയത്.

സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോയ കുട്ടിയുടെ കുടുംബത്തെ സ്വാധിനീച്ച് പ്രതി മൊഴി മാറ്റിപ്പിച്ചിരുന്നു. എന്നാൽ, മറ്റു തെളിവുകളും രേഖകളും പ്രതിക്ക് എതിരായതോടെയാണ് കുറ്റക്കാരനെന്ന് വിധിച്ചത്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു.

ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള പീഡനം, പ്രകൃതിവിരുദ്ധപീഡനം, പോക്സോ നിയമപ്രകാരം സംരക്ഷണം നൽകേണ്ട ബന്ധുതന്നെ പീഡിപ്പിക്കൽ, 12 വയസ്സാകുന്നതിന് മുൻപുള്ള പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മഞ്ചേശ്വരം എസ്ഐ ആയിരുന്ന സുഭാഷ് ചന്ദ്രൻ പ്രാഥമികവിവര റിപ്പോർട്ട് തയ്യാറാക്കിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടറായിരുന്ന ഇ. അനൂപ്കുമാറാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ (പോക്സോ) പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button