
ഇംഫാൽ: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മണിപ്പൂർ ഗോത്രവിഭാഗമായ കുക്കി സംഘടന. കുക്കി സിവിൽ സൊസൈറ്റി ഗ്രൂപ്പാണ് മാപ്പ് പറഞ്ഞത്. മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നടത്തിയ മാർച്ചിനിടെ 2002 ലെ പതാക കോഡ് ലംഘിച്ച് ദേശീയ പതാക തെറ്റായി പ്രദർശിപ്പിച്ചതിനാണ് കുക്കി സിവിൽ സൊസൈറ്റി ഗ്രൂപ്പിന്റെ മാപ്പ് അപേക്ഷ.
സംഭവം ഇങ്ങനെ,
സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിൽ ഗോത്രവർഗ ഗ്രൂപ്പുകൾ ഒരു സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചിരുന്നു, അവിടെ സൈനികരുടേതിന് സമാനമായ വസ്ത്രം ധരിച്ച യുവാക്കൾ ഒരു മൈതാനത്ത് മാർച്ച് നടത്തി. ഫ്ളാഗ് കോഡ് ലംഘിച്ച് പരേഡിനിടെ ദേശീയ പതാക പലതവണ വശത്തേക്ക് താഴ്ത്തുകയായിരുന്നു.
‘ഇന്ത്യൻ ദേശീയ പതാക താഴ്ത്തിയത് ഒരിക്കലും ദേശീയ പതാകയെ അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചുള്ളതല്ല; പതാക കോഡിനെക്കുറിച്ചുള്ള ഞങ്ങളുടെ അജ്ഞത കൊണ്ടാണ് ഇത് സംഭവിച്ചത്, ഇത് ഞങ്ങളുടെ സഹ പൗരന്മാരുടെ വികാരത്തെ വ്രണപ്പെടുത്തിയതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു’വെന്ന് കുക്കി സംഘടന പറഞ്ഞു. പരേഡിൽ പങ്കെടുത്തവർ കൈവശം വച്ചിരുന്ന റൈഫിളുകൾ ഒർജിനൽ അല്ലെന്ന്് കുക്കി സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ പറഞ്ഞു.
Post Your Comments