ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും കനത്ത മഴ. മഴ തുടരുന്ന സാഹചര്യത്തിൽ യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും അപകട രേഖയ്ക്ക് മുകളിൽ എത്തിയിരിക്കുകയാണ്. ഇന്നലെ അതിശക്തമായി മഴ പെയ്തതിനെ തുടർന്നാണ് യമുനയിലെ ജലനിരപ്പ് 205.39 മീറ്ററിൽ എത്തിയത്. കേന്ദ്ര ജല കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച്, ഓഗസ്റ്റ് 14-ന് ഡൽഹിയിലെ പഴയ റെയിൽവേ പാലത്തിന് കീഴിലെ ജലനിരപ്പ് 203.48 മീറ്ററായിരുന്നു. രണ്ട് ദിവസങ്ങൾ കൊണ്ടാണ് ജലനിരപ്പ് 205.39 മീറ്ററിലേക്ക് എത്തിയത്.
ഒരു മാസം മുൻപ് യമുനാ നദി കരകവിഞ്ഞതിനെ തുടർന്ന് ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. ജൂലൈയിൽ യമുനയിലെ ജലനിരപ്പ് സർവ്വകാല റെക്കോർഡായ 208.66 മീറ്ററായാണ് ഉയർന്നത്. ഇത്തവണ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്ന് സർക്കാർ വ്യക്തമാക്കി. നദിക്കരയിൽ മാത്രമാണ് വെള്ളം കയറാനുള്ള സാധ്യത നിലനിൽക്കുന്നത്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നത് യമുനാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയരാൻ കാരണമായിട്ടുണ്ട്. മഴക്കെടുതിയെ തുടർന്ന് ഇതിനോടകം നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.
Post Your Comments