കോട്ടയം: സ്വത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. 20,798,117 രൂപയാണ് തനിക്ക് ആകെ സമ്പാദ്യമായിട്ടുള്ളതെന്ന് ജെയ്ക്ക് പത്രികയിൽ വ്യക്തമാക്കി. പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. അതേസമയം, ബാധ്യതയായി ജെയ്ക്ക് കാണിച്ചിട്ടുള്ളത് 7,11,905 രൂപയാണ്.
ജെയ്കിന് രണ്ടു കോടിരൂപയുടെ സ്വത്ത് കൈവശമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി ജെയ്ക് രംഗത്തെത്തിയിരുന്നു. സ്വത്തുമായി ബന്ധപ്പെട്ടുള്ളത് വ്യക്തി അധിക്ഷേപമാണെന്ന് ജെയ്ക് സി തോമസ് പ്രതികരിച്ചിരുന്നു. തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണെന്നും, വ്യക്തി അധിക്ഷേപത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ജെയ്ക് ആവശ്യപ്പെട്ടിരുന്നു.
‘നിങ്ങള്‍ക്ക് എന്റെ നാട്ടിലെ കോണ്‍ഗ്രസുകരടക്കമുള്ളവരുടെ അടുത്തു പോയി അന്വേഷിക്കാം. 1945ല്‍ കോട്ടയം ടിബി റോഡില്‍ വ്യാപാരം ആരംഭിച്ചയാളാണ് എന്റെ അച്ഛന്‍. എന്റെ സ്വത്ത് വിവരം സംബന്ധിച്ച് ആണെങ്കില്‍ ഒരു നയാ പൈസ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പത്രികയില്‍ വിവരിച്ചിട്ടുണ്ട്. എന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ മൂല്യമാണ് ഇപ്പോഴത്തെ ചര്‍ച്ചകളിലേക്ക് വഴി തെളിക്കുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 92 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്റിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്താണ് ഞാന്‍ താമസിക്കുന്ന വീടിരിക്കുന്നത്. അച്ഛന് എഴുതാനോ വായ്ക്കാനോ അറിയില്ലായിരുന്നു. എന്നാല്‍ എത്ര പണം മുടക്കിയാലും എന്നെയും സഹോദരനെയും നല്ല രീതിയില്‍ പഠിപ്പിക്കണമെന്നത് അദ്ദേഹത്തിന്റെ ഉറച്ച തീരുമാനമായിരുന്നു. മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന തരത്തിലേക്ക് എത്തിച്ചത് അദ്ദേഹമാണ്’, ജെയ്ക് പറഞ്ഞു.
Post Your Comments