കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ എയർ കാർഗോ സർവീസ് നാളെ മുതൽ ആരംഭിക്കും. നാളെ വൈകിട്ട് ഷാർജയിലേക്കാണ് ആദ്യ കാർഗോ സർവീസ് നടത്തുക. ബോയിംഗ് 737-700 വിമാനമാണ് ചരക്കുമായി പറന്നുയരുന്നത്. കന്നി യാത്രയിൽ പഴം, പച്ചക്കറി, വാഴയില, പൂക്കൾ എന്നിവയാണ് കടൽ കടക്കുന്നത്. വിമാനത്തിന് പരമാവധി 18 ടൺ ചരക്ക് വരെ വഹിക്കാനാകും. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടാവുക. രണ്ടാമത്തെ സർവീസ് ഓഗസ്റ്റ് 18-ന് രാത്രി 9 മണിക്ക് ദോഹയിലേക്ക് പുറപ്പെടും.
കൊച്ചിയിൽ നിന്നുള്ള ഡ്രാവിഡൻ ഏവിയേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. ഉത്തര മലബാറിന്റെ ബിസിനസ് വളർച്ച ലക്ഷ്യമിട്ടാണ് ദ്രാവിൻ ഏവിയേഷന്റെ പുതിയ നീക്കം. കാർഷിക, വ്യാവസായിക, വാണിജ്യ, മത്സ്യ-ക്ഷീര, പരമ്പരാഗത ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഓണം പ്രമാണിച്ച് 23 മുതൽ 27 വരെ സ്പെഷ്യൽ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
Also Read: സ്ത്രീകളുടെ ശുചിമുറിയിൽ ഒളികാമറ വച്ചു: ഐടി ജീവനക്കാരൻ അറസ്റ്റിൽ
സാധാരണയായി പാസഞ്ചർ വിമാനങ്ങളിൽ പരമാവധി 2 ടൺ ചരക്ക് മാത്രമാണ് കയറ്റി അയക്കാൻ സാധിക്കാറുള്ളത്. യാത്രക്കാരുടെ മുഴുവൻ ലഗേജുകൾ കഴിഞ്ഞാണ് ചരക്ക് കയറ്റാൻ അനുമതിയുള്ളൂ. ഇത് ചരക്ക് നീക്കത്തിന് വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചരക്കുകൾ കയറ്റുമതി ചെയ്യാൻ വേണ്ടി മാത്രം സർവീസ് ആരംഭിക്കുന്നത്.
Post Your Comments