തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് വിദ്യാര്‍ത്ഥികള്‍ റീല്‍സ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഉണ്ടാകരുതാത്ത പ്രവൃത്തി ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വിഷയത്തിൽ കോളജ് അധികൃതര്‍ നടപടിയെടുത്തതായും ആര്‍ ബിന്ദു പറഞ്ഞു.
‘ഉള്‍ക്കൊള്ളല്‍ സമൂഹത്തെപ്പറ്റി ഏറ്റവുമധികം ചര്‍ച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുന്‍നിന്നു പ്രവര്‍ത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതില്‍ ചിലര്‍ക്കായാല്‍ പോലും ആ അവബോധമില്ലാതെ പോയത് അപലപനീയമാണ്. അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷി സമൂഹം ആവശ്യപ്പെടുന്നത്. ഭാഷ തൊട്ട് ദൈനംദിന ജീവിത വ്യവഹാരങ്ങളിലെല്ലാം തന്നെ പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലര്‍ത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൂടി മഹാരാജാസ് സംഭവം അവസരമാകണം’ ആര്‍ ബിന്ദു വ്യക്തമാക്കി.
Post Your Comments