തൊടുപുഴ: നിയന്ത്രണംവിട്ട കാർ രണ്ട് ഓട്ടോകളിലും ഒരു കാരവാനിലും ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവർമാരായ മൂലമറ്റം ഇലപ്പള്ളി സ്വദേശി സുരേഷ് (54), അങ്കമാലി സ്വദേശി രാധാകൃഷ്ണൻ (40), യാത്രക്കാരായ തോപ്രാംകുടി വെള്ളപ്ലാക്കൽ ബിജു (38), ഇടുക്കി മണിപ്പാറ പാറയിൽ ശ്രീജിത്ത് (45) എന്നിവർക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഓട്ടോയാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ വെങ്ങല്ലൂരിനു സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് കദളിക്കാടുള്ള വീട്ടിലേക്ക് മടങ്ങിയ പാറയിൽ ജിബിൻ സോമൻ (39) ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ജിബിനും പരിക്കേറ്റു. ജില്ലാ അതിർത്തിയിലെ ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ എതിർദിശയിൽ വന്ന രണ്ട് ഓട്ടോകളിലേക്കും സമീപം പാർക്ക് ചെയ്തിരുന്ന കാരവാനിലേക്കും ഇടിച്ചുകയറുകയായിരുന്നു. കാറും ഓട്ടോകളും റോഡിൽ മറിഞ്ഞു.
Read Also : മൂന്നുകിലോ കഞ്ചാവും കോടയും പിടിച്ചെടുത്തു: മൂന്നുപേര് എക്സൈസ് പിടിയിൽ
സംഭവം കണ്ട് ഓടിയെത്തിയവർ ഉടൻതന്നെ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്നു വാഹനങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു.
അപകടത്തെത്തുടർന്ന് ഏറെനേരം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. സംഭവമറിഞ്ഞ് തൊടുപുഴയിൽനിന്നു അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് വാഹനങ്ങൾ റോഡിൽനിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പിന്നീട് റോഡിലെ ചില്ലും മറ്റ് അവശിഷ്ടങ്ങളും അഗ്നിരക്ഷാസേന കഴുകി നീക്കി.
കണ്ണിൽ ശക്തമായ സൂര്യപ്രകാശമടിച്ചതോടെ വാഹനം നിയന്ത്രിക്കാനായില്ലെന്ന് കാർ ഡ്രൈവർ ജിബിൻ പറഞ്ഞു. എന്നാൽ, അപകടമുണ്ടായ സ്ഥലത്ത് തെറ്റായ ഭാഗത്ത് കാരവാൻ പാർക്ക് ചെയ്തതിരുന്നത് അപകടത്തിന്റെ ആക്കം കൂട്ടിയതായി സ്ഥലത്തുണ്ടായിരുന്നവർ ആരോപിച്ചു.
Post Your Comments