തിരുവന്തപുരം: സംസ്ഥാനത്ത് ഹിറ്റായി തിരുവോണം ബംപർ. പുറത്തിറക്കി രണ്ടാഴ്ച കൊണ്ട് പതിനേഴര ലക്ഷം ടിക്കറ്റാണ് വിറ്റ് പോയത്. ഭാഗ്യാന്വേഷികളിലേറെയും പാലക്കാട് ജില്ലയിലാണുള്ളത്.
തൊട്ട് പിന്നിൽ തിരുവനന്തപുരവുമുണ്ട്. പുറത്തിറക്കിയ അന്ന് മുതൽ, ദിവസം ശരാശരി ഒരു ലക്ഷം ടിക്കറ്റെങ്കിലും ചെലവാകുന്നുണ്ട്. ആദ്യഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. പരമാവധി 90 ലക്ഷം ടിക്കറ്റുകൾ വരെ വിപണിയിലെത്തിക്കാൻ കഴിയും.
ഒരു ടിക്കറ്റിന് 500 രൂപയാണ് വില. കഴിഞ്ഞ വര്‍ഷം അറുപത്താറര ലക്ഷം ടിക്കറ്റ് വിറ്റ് പോയിരുന്നു. ഇത്തവണ റെക്കോഡുകൾ ഭേദിക്കുന്ന വിൽപ്പന നടക്കുമെന്ന കണക്ക് കൂട്ടലിലാണ് ലോട്ടറി വകുപ്പ്. ഓണം ബംബറിനെ ആദ്യ ദിവസം മുതൽ ഹിറ്റാക്കിയതിന് പിന്നിൽ സമ്മാന ഘടനയിലെ ആകർഷകത്വമാണെന്ന വിലയിരുത്തലിലാണ് ലോട്ടറി വകുപ്പ്. ഇത്തവണത്തെ തിരക്കിന് മറ്റൊരു കാരണം കൂടിയുണ്ട്. സമ്മാനത്തുക ഒന്നിലധികം ആളുകൾക്ക് നൽകുമെന്ന തീരുമാനം വന്നിരുന്നു. ഇതോടെയാണ് ടിക്കറ്റ് വാങ്ങാൻ ജനം തിടുക്കം കൂട്ടിയത്.
ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപ. പൊതുജനാഭിപ്രായം കണക്കിലെടുത്ത് സമ്മാന ഘടനയിൽ കാതലായ മാറ്റങ്ങളോടെയാണ് ഇത്തവണ ഓണം ബംപറിറക്കിയത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 ടിക്കറ്റിനും നകാൻ തീരുമാനിച്ചതോടെ ബംപര്‍ വാങ്ങാൻ തിക്കിത്തിരക്കായി.
Post Your Comments