Latest NewsNewsLife Style

സ്‌ട്രോക്ക് ലക്ഷണങ്ങൾ ഇവ, ഉണ്ടായാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക

മസ്തിഷ്കത്തിലേക്കുള്ള രക്തധമനികൾ അടയുന്നതുമൂലമോ അല്ലെങ്കിൽ രക്തധമനികൾ പൊട്ടിപ്പോകുന്നതുമൂലമോ ഉണ്ടാകുന്ന രോഗാവസ്ഥാണ് സ്ട്രോക്ക് (Stroke) അഥവാ ബ്രയിൻ അറ്റാക്ക് (Brain Attack). ലോകത്ത് ഏകദേശം ഒരു ലക്ഷം ആളുകളിൽ 100 മുതൽ 150 വരെ ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകുന്നതായി കണ്ടുവരുന്നു. തലച്ചോറിലേക്കുള്ള രക്തധമനികളിൽ രക്തം കട്ടപിടിക്കുന്നതു മൂലമുണ്ടാകുന്ന സ്ട്രോക്കിനെ ഇസ്കീമിക് മസ്തിഷ്കാഘാതം (Ischaemic Stroke) എന്നു പറയുന്നു. രക്തധമനികൽ പൊട്ടുന്നത് മൂലമുണ്ടാകുന്ന മസ്തിഷ്കാഘാതത്തെ മസ്തിഷ്കത്തിലെ രക്തസ്രാവം (Haemorrhagic Stroke) എന്നാണ് പറയുന്നത്. 85 ശതമാനവും രക്തധമനികൾ അടയുന്നതുമൂലമാണ് ഉണ്ടാക്കുന്നതെങ്കിൽ 15 ശതമാനം സ്ട്രോക്കുകൾ രക്തകുഴൽ പൊട്ടുന്നത് മൂലമാണ് ഉണ്ടാകുന്നത്. പ്രായം 65 വയസ്സിന് മുകളിൽ രക്താതിമർദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, അമിതമായ കൊളസ്ട്രോൾ, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം എന്നിവ സ്ട്രോക്കിന്റെ കാരണങ്ങൾ ആണ്. കൂടാതെ രക്തധമനികളെ ബാധിക്കുന്ന ജന്മനായുള്ള മറ്റ് അസുഖങ്ങളും സ്ട്രോക്കിന് കാരണമാവാം.

ഹൃദയാഘാതം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം ആളുകൾ മരണപ്പെടുന്നത് മസ്തിഷ്ഘാതം മൂലമാണ്. പ്രായം 65 വയസ്സിന് മുകളിലുള്ളവർ, പ്രമേഹരോഗികൾ, രക്താതിമർദ്ദമുള്ളവർ, പുകവലി, അമിത മദ്യപാനം, വ്യായമമില്ലായ്മ, അമിതമായ കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ, പാരമ്പര്യം, മുമ്പ് സ്ട്രോക്ക് വന്നവർ, രക്തധമനികളിലെ ജന്മനായുള്ള കേടുപാടുകൾ ഉള്ളവർ എന്നിവരിൽ ആണ് സ്ട്രോക്ക് കൂടുതലായി കണ്ടുവരുന്നത്. കൂടാതെ, ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ്, കരോട്ടിഡ് ധമനികളിലെ ചുരുക്കം, ഹൃദയ വാൽവുകൾ സംബന്ധിച്ചുള്ള രോഗങ്ങൾ, മസ്തിഷ്ക്കധമനി വീക്കം (Aneurysm) പോലുള്ള രക്തകുഴൽ ഘടനാവൈകല്യങ്ങൾ, രക്തം കട്ടപിടിക്കാനുള്ള അമിത പ്രവണത തുടങ്ങിയവയും മസ്തിഷ്കാഘാതത്തിന് കാരണമാകാറുണ്ട്. മസ്തിഷ്കാഘാത മരണങ്ങളിൽ 60 ശതമാനവും 70 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ് സംഭവിക്കുന്നത്. 40 വയസ്സിന് താഴെയുള്ളവരിൽ ഉണ്ടാകുന്ന സ്ട്രോക്കിനെ യുവാക്കളിലെ മസ്തിഷ്കാഘാതം (Stroke in the Young) എന്ന് പറയുന്നു.

ഒരു ഭാഗം പെട്ടെന്ന് കുഴഞ്ഞു പോവുക, സംസാരശേഷി നഷ്ടപ്പെടുക, മുഖം ഒരു വശത്തേക്ക് കോടി പോകുക, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക, കാഴ്ച മങ്ങുക അല്ലെങ്കിൽ കേൾവി നഷ്ടപ്പെടുക തുടങ്ങിയവയെല്ലാം തന്നെ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ആകാം.

സ്ട്രോക്ക് പ്രതിരോധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്. നഷ്ടപ്പെടുന്ന ഒരോ നിമിഷവും തിരിച്ചുപിടിക്കാൻ കഴിഞ്ഞാൽ നമുക്ക് രക്ഷിക്കാൻ കഴിയുന്നത് ഒരു ജീവനാണ്. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ നമ്മൾ തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. നാം പാഴാക്കുന്ന ഒരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. സ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും പ്രധാനപ്പെട്ടതാണ്. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുകയും ഉടനടി വൈദ്യസഹായം തേടുകയും ചെയ്താൽ രോഗംമൂലമുള്ള മരണനിരക്കു കുറയ്ക്കുവാനും രോഗാതുരത, വൈകല്യം എന്നിവ ഒഴിവാക്കുവാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button