
അങ്കമാലി: കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ തെറിച്ചുപോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ പാറമടയിൽ വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അങ്കമാലി കറുകുറ്റി പഞ്ചായത്ത് 15-ാം വാർഡിൽ പീച്ചാനിക്കാട് പുഞ്ചിരി നഗറിൽ മുന്നൂർപ്പിള്ളി വീട്ടിൽ രവിയുടെ മകൻ അഭിനവാണ് (13) മരിച്ചത്. കൊരട്ടി എൽ.എഫ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
Read Also : ഹവായ് കാട്ടുതീ, മരണ സംഖ്യ ഉയരുന്നു: യുഎസില്‍ 100 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തീപിടിത്തം
ഞായറാഴ്ച വൈകിട്ട് 3.40-ഓടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ ഉയർന്ന പറമ്പിൽ പതിവായി കുട്ടികൾ ക്രിക്കറ്റ് കളിക്കാറുണ്ട്. പറമ്പിന്‍റെ കിഴക്ക് വശത്തെ താഴ്ന്ന ഭാഗത്താണ് പ്രവർത്തന രഹിതമായ വെള്ളം നിറഞ്ഞ പാറമട. പന്ത് പാറമട ഭാഗത്തേക്ക് തെറിച്ചു പോയതോടെ ഒപ്പം പാഞ്ഞ അഭിനവ് പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി വീണതാണെന്നാണ് കരുതുന്നത്. പന്തെടുക്കാൻ പോയ അഭിനവിനെ ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ കൂട്ടുകാർ പറഞ്ഞ പ്രകാരം നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് പാറമടയിൽ വീണതായി സംശയം ഉയർന്നത്. 13 അടി താഴ്ചയോളമുള്ള പാറമടയിലാണ് വീണത്.
അങ്കമാലി അഗ്നിരക്ഷാ സേനയിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ ജിജിയുടെ നേതൃത്വത്തിൽ എത്തിയ മുങ്ങൽ വിദഗ്ദരായ അനിൽ മോഹൻ, അഖിൽ എന്നിവർ ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഫയർ റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സജാദ്, റെസ്ക്യൂ ഓഫീസർമാരായ റെജി എസ്. വാര്യർ, ശ്രീജിത്ത്, വിനു വർഗീസ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Post Your Comments