മറയൂർ: വീടിന്റെ വാതിൽ തകർത്ത് മോഷണശ്രമം. വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്താനുള്ള മോഷ്ടാക്കളില്‍ നിന്ന് ദമ്പതിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മറയൂർ കോട്ടക്കുളത്ത് സതീഷിന്റെ വീടിന്റെ വാതിലുകളാണ് മോഷ്ടാക്കൾ തകർക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം. വീടിന്റെ പിൻവാതിലിൽ ആരോ ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് സതീഷിന്റെ ഭാര്യ ശ്രീലേഖ ഉണർന്നത്.
പെട്ടെന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. എന്നാൽ, സമീപത്തെ വീടുകളിൽ വെളിച്ചമുണ്ടായിരുന്നു. കള്ളൻമാരാണ് ഇതിനുപിന്നിലെന്ന സംശയത്താൽ പെട്ടെന്ന് വീട്ടിലുണ്ടായിരുന്നവർ കിടപ്പുമുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു.
രണ്ടുമിനിറ്റിനകം പിൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ വാതിൽ കല്ല് ഉപയോഗിച്ച് ഇടിച്ചും ചവിട്ടിയും തുറക്കാൻ ശ്രമിച്ചു. സതീഷും ശ്രീലേഖയും വാതിൽ ബലമായി അമർത്തിപ്പിടിച്ചു. മുറിയിലെ ജനൽ തുറന്ന് സമീപവാസികളെ അറിയിക്കാനും ശ്രമിച്ചു. മോഷ്ടാവ് വാതിലിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ച സമയത്ത് ശ്രീലേഖയുടെ കൈവിരലുകൾക്ക് പരിക്കേറ്റു.
വീട്ടുകാരുടെ അലർച്ചകേട്ട്, സമീപത്ത് താമസിക്കുന്ന ശ്രീലേഖയുടെ കുടുംബം പുറത്തിറങ്ങി നാട്ടുകാരെ കൂട്ടി എത്തിയെങ്കിലും മോഷ്ടാക്കൾ പിൻവാതിലിലൂടെ രക്ഷപ്പെട്ടു. പോകുംവഴി സതീഷിന്റെ മൊബൈൽ ഫോൺ എടുത്തെങ്കിലും കുറച്ചകലെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
Leave a Comment