കർണാടകയുമായുള്ള കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാടിന് നൽകേണ്ട ജലത്തിന്റെ വിഹിതം കർണാടക വിട്ടുനൽകാത്തതിനെ തുടർന്നാണ് തമിഴ്നാട് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുഗൻ വ്യക്തമാക്കി. സുപ്രീംകോടതി മുൻപ് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച്, ജൂൺ 1 മുതൽ ഓഗസ്റ്റ് 11 വരെ തമിഴ്നാടിന് കർണാടക 53.7703 ടിഎംസി വെള്ളമാണ് നൽകേണ്ടത്. എന്നാൽ, കർണാടക സർക്കാർ ഇതുവരെ തമിഴ്നാടിന് 15.7993 ടിഎംസി വെള്ളം മാത്രമാണ് നൽകിയിരിക്കുന്നത്.
ആവശ്യമായ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് കാവേരി ഡെൽറ്റ മേഖലയിലെ കർഷകർക്ക് ഗുരുതരമായ കൃഷിനാശം സംഭവിക്കുമെന്ന് തമിഴ്നാട് വ്യക്തമാക്കി. കണക്കുകൾ അനുസരിച്ച്, 37.9710 ടിഎംസി ജലം കൂടി തമിഴ്നാടിന് നൽകേണ്ടതുണ്ട്. അതേസമയം, കർണാടകയുമായുള്ള കാവേരി നദീജല തർക്കം ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കാവേരി ഡെൽറ്റ മേഖലയിലെ കർഷകർ കൃഷി ചെയ്യുന്ന കുറുവ നെൽകൃഷി സംരക്ഷിക്കാൻ ജലം വിട്ടുനൽകാൻ കർണാടകയോട് നിർദ്ദേശിക്കണമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.
Post Your Comments