
മൂന്നാർ: വിനോദ സഞ്ചാരത്തിനെത്തിയ രണ്ട് വിദ്യാർത്ഥികളെ റിസോർട്ടിലെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ചെന്നൈ ഊത്തു കോട്ട വിശ്വേശ്വര മൾട്ടിക്കുലേഷൻ ഹൈസ്കൂൾ വിദ്യാർത്ഥികളായ ജിജോ റാം (15), പി.മദനൻ (15) എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
തമിഴ്നാട്ടിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയതാണ് ഇവർ. ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിദ്യാർത്ഥികൾ. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
Read Also : എങ്ങനെയെങ്കിലും വണ്ണം കുറച്ചാൽ മതിയെന്നു കരുതി വണ്ണം കുറയ്ക്കുന്നവർ ചെയ്യുന്ന 10 അബദ്ധങ്ങൾ
ഇന്നലെ രാവിലെയാണ് 89 കുട്ടികളും 15 അധ്യാപകരുമടങ്ങുന്ന സംഘം പഴയ മൂന്നാറിലെ റിസോർട്ടിലെത്തിയത്. മുറികളിലെത്തി ഫ്രഷായ ശേഷം എല്ലാവരും ഭക്ഷണം കഴിക്കുന്നതിനായി റിസോർട്ടിൻ്റെ ഭക്ഷണശാലയിലെത്തിയെങ്കിലും രണ്ടു പേർ കുറവുള്ളതായി കാണുകയായിരുന്നു. തുടർന്ന്, അധ്യാപകർ നടത്തിയ തിരച്ചിലിലാണ് രണ്ടു പേരെയും അബോധാവസ്ഥയിൽ ഇവരുടെ മുറിയുടെ ശുചിമുറിയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ഇരുവരെയും ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളം ചൂടാക്കുന്നതിനുപയോഗിക്കുന്ന ഗ്യാസ് ഗീസറിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments