ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ മുസ്ലീങ്ങളുടെ ‘മന്‍ കി ബാത്ത്’ കേള്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഡല്‍ഹി ജുമാമസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുസ്ലീം സമുദായത്തിലെ പണ്ഡിതരുമായി സംവാദം നടത്തണമെന്നും ഇമാം ബുഖാരി നിര്‍ദ്ദേശിച്ചു. ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ കലാപത്തിന്റെയും ജയ്പൂര്‍-മുംബൈ എക്സ്പ്രസിലെ വെടിവെയ്പ്പിന്റെയും പശ്ചാത്തലത്തിലാണ് ഷാഹി ഇമാം ബുഖാരിയുടെ പരാമര്‍ശം.
‘രാജ്യത്ത് നിലവിലുള്ള സാഹചര്യം കണക്കിലെടുത്താണ് ഞാന്‍ സംസാരിക്കാന്‍ നിര്‍ബന്ധിതനായത്. രാജ്യത്തെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്, വിദ്വേഷത്തിന്റെ കൊടുങ്കാറ്റ് സമാധാനത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്നു. നിങ്ങള്‍ നിങ്ങളുടെ മന്‍ കി ബാത്ത് പറയുന്നു. എന്നാല്‍ നിങ്ങള്‍ മുസ്ലീങ്ങളുടെ മന്‍ കി ബാത്ത് കേള്‍ക്കേണ്ടതുണ്ട്. നിലവിലുള്ള സാഹചര്യങ്ങള്‍ കാരണം മുസ്ലീങ്ങള്‍ അസ്വസ്ഥരാണ്. അവര്‍ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്,’ ബുഖാരി പറഞ്ഞു.
‘ഒരു മതത്തിലുള്ളവര്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. മുസ്ലിംകളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. മുസ്ലീങ്ങളുമായുള്ള വ്യാപാരം അവസാനിപ്പിക്കുകയും ചെയ്യുന്ന പഞ്ചായത്തുകളാണ് നടക്കുന്നത്. ലോകത്തില്‍ 57 ഇസ്ലാമിക രാജ്യങ്ങളുണ്ട്, ഇവിടങ്ങളില്‍ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ താമസിക്കുന്നുണ്ടെങ്കിലും അവരുടെ ജീവിതത്തിനോ ഉപജീവനത്തിനോ ഒരു ഭീഷണിയും നേരിടുന്നില്ല,’ ബുഖാരി കൂട്ടിച്ചേർത്തു.
Post Your Comments